Food

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
X

നി,ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് വീട്ടുവൈദ്യമെന്ന നിലയില്‍ നമ്മള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് പനിക്കൂര്‍ക്കയിലയെ തന്നെയായിരിക്കും അല്ലേ..പ്രത്യേകിച്ചും മഴക്കാലത്ത് ഈ കക്ഷിക്ക് നല്ല ഡിമാന്‍ഡാണ്.ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ പോലും പനിക്കൂര്‍ക്കയില വെള്ളത്തില്‍ ആവികൊള്ളാനും,പനിക്കൂര്‍ക്ക നീര് കഴിക്കാനുമെല്ലാം റെക്കമന്‍ഡ് ചെയ്യാറുണ്ട്. ചുമ, ജലദോഷം, തലവേദന എന്നിവയൊക്കെ മാറാന്‍ പനിക്കൂര്‍ക്ക മികച്ച ഒരു പ്രതിവിധിയാണ്.എന്നാല്‍ ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഈ ആശാനെ വെട്ടി നുറുക്കി കറി വച്ച് കഴിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ച് നോക്കൂ.

ചേരുവകള്‍

പനിക്കൂര്‍ക്കയില-20 എണ്ണം

പച്ചമുളക്-2 എണ്ണം

തേങ്ങ-3/4 കപ്പ്

തൈര് പുളിപ്പ് കുറഞ്ഞത്-1/2 കപ്പ്

കറിവേപ്പില-2 തണ്ട്

ജീരകം- 1/2 ടീസ്പൂണ്‍

ഉഴുന്ന് പരിപ്പ്-2 ടീസ്പൂണ്‍

കുരുമുളക്-2 ടീസ്പൂണ്‍

കടുക്-1 ടീസ്പൂണ്‍

വറ്റല്‍ മുളക്-2 എണ്ണം

നെയ്യ്-1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാക്കി നെയ്യ് ചേര്‍ക്കുക.ഇതിലേയ്ക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഉഴുന്ന് പരിപ്പ്, ജീരകം,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച പനിക്കൂര്‍ക്ക ഇല ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് കുരുമുളകും ചേര്‍ത്ത് മണം മാറുന്നത് വരെ ഇളക്കാം.ഇത് തണുക്കാന്‍ അനുവദിച്ച ശേഷം ചിരകിയ തേങ്ങയും,കട്ടതൈരും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം.ഇത് ഒരു ബൗളിലേയ്ക്ക് ഒഴിച്ച് മാറ്റി വെക്കാം.

വീണ്ടും പാന്‍ ചൂടാക്കി നെയ്യ് ചേര്‍ക്കാം.ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ചെടുക്കുക.ശേഷം വറ്റല്‍ മുളകും,കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.ഇതിലേക്ക് അരച്ച് വെച്ച കൂട്ട് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കിയെടുക്കുക.ആവശ്യാനുസരണം ഉപ്പും ചേര്‍ക്കുക.നല്ല രുചി ലഭിക്കാന്‍ നെയ്യ് ചേര്‍ക്കുന്നതാണ് ഏറ്റവും ഉചിതം.ഈ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിച്ചും കറി തയ്യാറാക്കാം.സ്വാദിഷ്ടമായ പനിക്കൂര്‍ക്ക കറി റെഡി.ഇത് ചൂട് ചോറിന്റെ കൂടെ ചേര്‍ത്ത് ഒന്ന് കഴിച്ച് നോക്കൂ.



Next Story

RELATED STORIES

Share it