Home

അലങ്കാരങ്ങള്‍ വീടിനുള്ളില്‍ മതിയോ?

അലങ്കാരങ്ങള്‍ വീടിനുള്ളില്‍ മതിയോ?
X

മ്മള്‍ പലപ്പോഴും വീടിന്റെ അകത്തളങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധയും പരിചരണവും വീട്ടുമുറ്റത്തിന് നല്‍കാറില്ല.പല വര്‍ണത്തിലുള്ള ചായങ്ങള്‍ പൂശിയും, ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ ഇട്ടും അകങ്ങള്‍ മോടിക്കൂട്ടുന്ന തിരക്കിനിടയില്‍ വീട്ടുമുറ്റത്തെ മനപൂര്‍വം മറന്നു കളയുന്നു. വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.വീടിന്റെ അലങ്കാരങ്ങള്‍ വീടിനുള്ളില്‍ മാത്രം പോരാ. വീടിനു പുറത്തു നിന്നു തന്നെ തുടങ്ങണം. വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവും വരാന്തകളുമാണ്.അകത്തളങ്ങള്‍ക്കൊപ്പം കുറച്ച് പരിചരണം മുറ്റങ്ങള്‍ക്കും നല്‍കിയാലോ?വീടിന് ഭംഗി നല്‍കുന്നതിനോടൊപ്പം മുറികളിലെ ചൂടു കുറയ്ക്കാനും സഹായിക്കുന്ന ചില സിംപിള്‍ ഐഡിയ ഇതാ..

മുറ്റത്ത് കോണ്‍ക്രീറ്റ് ടൈല്‍ നിരത്തിയാല്‍ അകത്ത് ചൂടുകൂടാന്‍ സാധ്യതയോറെയാണ്.പകരം നമുക്ക് കല്ലു വിരിക്കാം. കാണാനുള്ള ഭംഗി, എളുപ്പത്തില്‍ വൃത്തിയാക്കാം എന്നിവയെല്ലാമാണ് മെച്ചങ്ങള്‍. ഇതിനായി പലതരം പ്രകൃതിദത്ത കല്ലുകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ പ്രധാനമായവയെ പരിചയപ്പെടാം.

തണ്ടൂര്‍ സ്‌റ്റോണ്‍

ആന്ധ്രപ്രദേശില്‍ നിന്നുള്ള ഈ കല്ലിന് ആരാധകരേറെയാണ്. ഗ്രേ, മഞ്ഞ, പച്ച എന്നീ നിറങ്ങളില്‍ ലഭ്യമാണ്. നാലിഞ്ച് സ്‌ക്വയര്‍ മുതല്‍ 4:2 അടി വരെയുള്ള അളവുകളില്‍ ലഭിക്കും. 2:2 അടി ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉറപ്പ്. 50എംഎം, 40 എംഎം, 30 എംഎം എന്നീ കനത്തില്‍ കിട്ടും. ചതുരശ്രയടിക്ക് 65 രൂപ മുതലാണ് വില. കനമനുസരിച്ച് വിലയില്‍ വ്യത്യാസം വരും.


നാടന്‍ കല്ല്

ഗ്രേ, കറുപ്പ് എന്നീ നിറങ്ങളില്‍ നാടന്‍ കല്ല് ലഭ്യമാണ്. എട്ട് മുതല്‍ 12 അടി വരെ നീളത്തിലും ഒന്‍പത്, പത്ത് അടി വരെ വീതിയിലുമുള്ളവ കിട്ടും. ഒരു കല്ലിന് 85 രൂപ മുതല്‍ വിലയുണ്ട്. കടപ്പ, കോട്ട എന്നീ കല്ലുകളും വിരളമായി മുറ്റത്തു വിരിക്കാറുണ്ട്. വിലക്കൂടുതലാണ് ഇവയോടുള്ള വൈമുഖ്യത്തിനു കാരണം.


ബാംഗ്ലൂര്‍ സ്‌റ്റോണ്‍

പ്രകൃതിദത്ത കല്ലുകളില്‍ പ്രധാനമാണ് ബാംഗ്ലൂര്‍ സ്‌റ്റോണ്‍. കര്‍ണാടകത്തില്‍ നിന്നുള്ള ഈ സ്‌റ്റോണ്‍ നാല് ഇഞ്ച് സ്‌ക്വയര്‍ മുതല്‍ 3:2 അടി വരെ വലുപ്പത്തില്‍ കിട്ടും. വെള്ള, ഗ്രേ നിറങ്ങളില്‍ ലഭിക്കും.ചതുരശ്രയടിക്ക് 110 രൂപ മുതല്‍ വില വരും.


ഫ്‌ലെയിംഡ് ഫിനിഷ് ഗ്രാനൈറ്റ്

പരുക്കന്‍ ഫിനിഷാണ് ഇതിന്റെ പ്രത്യേകത. ബോക്‌സ് കട്ട്, ഹാഫ് കട്ട്, ബോട്ടം ഫ്‌ലെയിംഡ് എന്നിങ്ങനെ കനത്തിനനുസരിച്ച് മൂന്നു തരമുണ്ട്. നാലിഞ്ച് സ്‌ക്വയര്‍ മുതല്‍ 5:2 അടി വരെ വലുപ്പത്തില്‍ ലഭിക്കും. വെള്ള, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ചതുരശ്രയടിക്ക് 110 രൂപ മുതല്‍ വില വരും. നിറത്തിനനുസരിച്ച് വിലവ്യത്യാസം വരും.


കോബിള്‍ സ്‌റ്റോണ്‍

ഹാന്‍ഡ് കട്ട്, മെഷീന്‍ കട്ട് എന്നിങ്ങനെ രണ്ടു തരമുണ്ട്്. നാലിഞ്ച് സ്‌ക്വയര്‍ മുതല്‍ ലഭ്യമാണ്. വെള്ള, ഗ്രേ, മഞ്ഞ, കറുപ്പ്, പിങ്ക് എന്നിങ്ങനെ പല നിറങ്ങളില്‍ ലഭിക്കും. ചതുരശ്രയടിക്ക് 100 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. നിറത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരും. മെഷീന്‍ കട്ടിന് ഹാന്‍ഡ് കട്ടിനേക്കാള്‍ രണ്ട് രൂപ കൂടുതലായിരിക്കും.


മുറ്റത്ത് കല്ലുകള്‍ പതിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കല്ലുകള്‍ക്കിടയില്‍ പ്രകൃതിദത്ത പുല്ലോ പെബിള്‍സോ നല്‍കുന്നത് വെള്ളം മണ്ണില്‍ താഴാന്‍ സഹായിക്കും.

കിണറിന്റെ പരിസരത്ത് വെള്ളം താഴാന്‍ പേവ്‌മെന്റ് ചെയ്യാതിരിക്കുക.

നാടന്‍ കല്ല്, ബാംഗ്ലൂര്‍ സ്‌റ്റോണ്‍ എന്നിവ ഉറപ്പില്‍ മികച്ചതാണ്. എന്നാല്‍ ലൈം സ്‌റ്റോണ്‍ ആയ തണ്ടൂര്‍ സ്‌റ്റോണ്‍ ഒരു പരിധിയില്‍ കൂടുതല്‍ ഭാരം താങ്ങില്ല.

കല്ലുകള്‍ ഡ്രസ് ചെയ്ത് വിരിക്കുകയാണ് നല്ലത്. വിലക്കുറവിനായി ഡ്രസ് ചെയ്യാത്തവ തിരഞ്ഞെടുക്കാതിരിക്കുക. ലാന്‍ഡ്‌സ്‌കേപ്പിങ് പണിക്കാരെ കൊണ്ട് കല്ല് വിരിപ്പിക്കുന്നതു കാണാറുണ്ട്. കല്ലിന്റെ പണിക്കാരെ കൊണ്ടു ഡ്രസ് ചെയ്തുതന്നെ വിരിപ്പിക്കുക.വീട്ടുമുറ്റം സുന്ദരമായിരിക്കട്ടെ.

Next Story

RELATED STORIES

Share it