Latest News

ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസ്

ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസ്
X

പത്തനംതിട്ട: ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലിസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്‍ എന്നിവരുള്‍പ്പെടെ 17പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സന്ദീപ് വാര്യരാണ് കേസില്‍ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയാണ്. ഇവര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലിസിന് പ്രതിരോധിക്കാനായില്ല.

പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന് മുമ്പിലെത്തി. ഓഫീസിന് മുമ്പില്‍ തേങ്ങയുടച്ച് പ്രതിഷേധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തേങ്ങ ഓഫീസിനുനേരെ വലിച്ചെറിയുകയായിരുന്നു. കൈയില്‍ കരുതിയ തേങ്ങ തീര്‍ന്നതോടെ റോഡില്‍നിന്ന് കല്ലുപെറുക്കി എറിഞ്ഞു. അതില്‍ നാല് ജനല്‍പ്പാളികള്‍ തകര്‍ന്നു. ഫ്‌ലക്‌സ് ബോര്‍ഡ് പ്രതിഷേധക്കാര്‍ വലിച്ചുകീറി.

പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലിസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മുഴുവന്‍ പ്രവര്‍ത്തകരേയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സമരവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റുചെയ്യാനോ കഴിഞ്ഞിരുന്നില്ല. ലാത്തികൊണ്ട് പോലിസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it