Latest News

കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ആത്മാവിനോട് സംസാരിക്കാന്‍ മന്ത്രവാദം; യുവാവ് പിടിയില്‍

കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ആത്മാവിനോട് സംസാരിക്കാന്‍ മന്ത്രവാദം; യുവാവ് പിടിയില്‍
X

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24കാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ സഹപാഠിയും ആണ്‍സുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് കണ്ടെത്തി. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. അടച്ചിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ ദ്വാരകപുരി പോലിസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഫെബ്രുവരി 13ന് പോലിസെത്തി പരിശോധിക്കുമ്പോള്‍ ഒരു യുവതിയുടെ ഒരു മാസത്തിലേറെ പഴക്കമുള്ള നഗ്‌നമായ മൃതദേഹമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ സുഹൃത്ത് പീയുഷ് ദംനോദിയയെ അറസ്റ്റ് ചെയ്തത്.

കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ സഹപാഠി വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇതെന്ന് പോലിസ് കണ്ടെത്തി. ഇയാള്‍ കടന്നു കളഞ്ഞതാണെന്നും പോലിസിന് വ്യക്തമായി. പരിശോധനകളും അന്വേഷണവും തുടരുന്നതിനിടെ മരിച്ചതിന് ശേഷവും യുവതി വിവിധ തരത്തിലുള്ള ശാരീരിക ഉപദ്രവങ്ങള്‍ക്ക് വിധേയതായി കണ്ടെത്തി. ഇയാള്‍ നവിമുംബൈയിലെ പന്‍വേലില്‍ വെച്ച് ചില മന്ത്രവാദകര്‍മങ്ങളും ചെയ്തിരുന്നു. യുവതിയുടെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നാണ് യുവാവ് ഇതേ കുറിച്ച് പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നും അതുകൊണ്ടാണ് യുവതിയോട് 'സംസാരിക്കാന്‍' ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം.

24കാരിയായ യുവതിയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു എന്നാണ് പോലിസ് അറിയിക്കുന്നത്. എന്നാല്‍ വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നു. ഫെബ്രുവരി 11ന് പെണ്‍കുട്ടി പീയുഷിന്റെ താമസസ്ഥലത്തെത്തി. ഇവിടെവെച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിന് പിന്നാലെ വിവാഹക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും പീയുഷ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പീയുഷിനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താന്‍ മുംബൈയിലേക്ക് കടന്നതാണെന്ന് ഇയാള്‍ പറഞ്ഞു. ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ 'ആത്മാവിനെ' വിളിച്ചുവരുത്താന്‍ ശ്രമിച്ചത്രെ. ഇതിനായി ചില താന്ത്രിക വിദ്യകള്‍ ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിടയില്‍ നിരന്തരം തര്‍ക്കമുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

യുവതിയുടെ കുടുംബം യുവാവിനെ കുറിച്ച് കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. യുവതിയുടെ ചില സ്വകാര്യചിത്രങ്ങള്‍ ഇയാളുടെ പക്കലുണ്ടായിരുന്നു എന്നും ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മകളില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു എന്നുമാണ് പിതാവ് പറയുന്നത്. ഈ ചിത്രങ്ങള്‍ യുവാവ് കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു എന്നും പിതാവ് ആരോപിക്കുന്നുണ്ട്. യുവാവിനെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും പോലിസ് അന്വേഷണവിധേയമാക്കുന്നുണ്ട്. വൈകാതെ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കാം.

Next Story

RELATED STORIES

Share it