Latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി; 18 ലക്ഷത്തിന് മുകളില്‍ അപേക്ഷകര്‍

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി; 18 ലക്ഷത്തിന് മുകളില്‍ അപേക്ഷകര്‍
X

തിരുുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷകരുടെ എണ്ണം കുത്തനെ ഉയരുന്നു. ഫെബ്രുവരിയില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 10.05 ലക്ഷം അപേക്ഷകരുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 18.18 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഏത് സമയത്തും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുന്നതിനാല്‍, ഗുണഭോക്താക്കളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

ജില്ലകളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മലപ്പുറത്താണ്. ഇവിടെ 2.55 ലക്ഷം സ്ത്രീകള്‍ അപേക്ഷ നല്‍കിയതില്‍ 2.4 ലക്ഷം പേര്‍ക്ക് ഇതിനകം പെന്‍ഷന്‍ ലഭിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ല 1.91 ലക്ഷം അപേക്ഷകരുമായി രണ്ടാം സ്ഥാനത്താണ്. അവരില്‍ 1.69 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. അതേസമയം, ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 51,479 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.

ശേഷിക്കുന്ന അപേക്ഷകള്‍ പരിശോധന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 35നും 60നും ഇടയില്‍ പ്രായമുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ സ്ത്രീകള്‍ക്കാണ് പദ്ധതിക്ക് അര്‍ഹത. സംസ്ഥാനത്തുനിന്ന് താമസം മാറുക, ജോലി ലഭിക്കുക, റേഷന്‍ കാര്‍ഡ് വിഭാഗം മാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ പെന്‍ഷന്‍ ലഭിക്കില്ല. അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചടയ്‌ക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it