Latest News

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പാലക്കാട് യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പാലക്കാട് യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കടുത്ത നിലയിലേക്ക് ഉയരുന്നതിനിടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. ഏറ്റവും ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തി. കോട്ടയം, കൊല്ലം ജില്ലകളിലും 37 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയരാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

കടുത്ത ചൂട് മൂലം സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ പത്തു മുതല്‍ മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അസംബ്ലികളും വെയിലേല്‍ക്കുന്ന പുറംപരിപാടികളും ഒഴിവാക്കണം. പരീക്ഷാ ഹാളുകളില്‍ ശുദ്ധജലവും ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും അടച്ചിട്ട വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ചൂട് കൂടുന്ന സാഹചര്യത്തില്‍ തീപിടിത്തങ്ങളും കാട്ടുതീ പടരാനുമുള്ള സാധ്യത ഉയര്‍ന്നതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തണലിലേക്ക് മാറി വൈദ്യസഹായം തേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it