Latest News

ബ്രഹ്‌മോസ് കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; വിയറ്റ്‌നാം-ഇന്തൊനേഷ്യ കരാറുകള്‍ അന്തിമഘട്ടത്തില്‍

ബ്രഹ്‌മോസ് കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; വിയറ്റ്‌നാം-ഇന്തൊനേഷ്യ കരാറുകള്‍ അന്തിമഘട്ടത്തില്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ നിര്‍ണായക വഴിത്തിരിവായി വിയറ്റ്‌നാം-ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്‌മോസ് മിസൈല്‍ ഇടപാടുകള്‍ അന്തിമഘട്ടത്തിലേക്ക്. ഏകദേശം 4,000 കോടി രൂപയുടെ കരാറുകളാണ് ഇരുരാജ്യങ്ങളുമായി ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്. ബ്രഹ്‌മോസ് പദ്ധതിയിലെ പങ്കാളിയായ റഷ്യ ഇരുരാജ്യങ്ങള്‍ക്കുമുള്ള മിസൈല്‍ കൈമാറ്റത്തിന് അനുമതി നല്‍കിയതോടെയാണ് കരാര്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. ഡിസംബര്‍ 4ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ റഷ്യ ഇതിന് വാക്കാലുള്ള ഉറപ്പ് നല്‍കിയിരുന്നു. മോസ്‌കോയില്‍ നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' ഉടന്‍ ലഭിക്കുമെന്നാണ് സൂചന.

ദക്ഷിണ ചൈനാ കടലില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യമാണ് വിയറ്റ്‌നാമിനെയും ഇന്തൊനേഷ്യയെയും ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ അവകാശവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കും തര്‍ക്കങ്ങളുള്ള സാഹചര്യത്തില്‍ തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളിലേക്കുള്ള നീക്കം. ഈ ഇടപാടുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ആസിയാന്‍ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുമെന്നാണ് വിലയിരുത്തല്‍. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ (മാക് 2.8) സഞ്ചരിക്കുന്ന ലോകത്തിലെ മികച്ച സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. ഏകദേശം 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള പതിപ്പുകളാണ് വിയറ്റ്‌നാമിനും ഇന്തൊനേഷ്യയ്ക്കും ഇന്ത്യ നല്‍കുക. ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് വാങ്ങിയ ആദ്യ വിദേശരാജ്യം ഫിലിപ്പീന്‍സാണ്. ഇതിന് പിന്നാലെ മറ്റു രാജ്യങ്ങളും മിസൈല്‍ ഇടപാടുകളിലേക്ക് എത്തുകയാണ്.

2024 മെയ് മാസത്തില്‍ നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നടപടിയിലൂടെ ബ്രഹ്‌മോസ് രാജ്യത്തിന്റെ ആക്രമണ ശേഷി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. സുഖോയ്30 എംകെഐ വിമാനത്തില്‍നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്താനിലെ സൈനിക താവളങ്ങളെ തകര്‍ത്തതായാണ് റിപോര്‍ട്ട്. 2028ഓടെ 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്‌മോസിന്റെ പുതുതലമുറ പതിപ്പും പുറത്തിറങ്ങുമെന്നാണ് അറിയിപ്പ്. ബ്രഹ്‌മോസിന് പുറമെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മറ്റ് ആയുധങ്ങള്‍ക്കും ആഗോള വിപണിയില്‍ വലിയ ആവശ്യമുയരുകയാണ്. ആകാശ് വ്യോമപ്രതിരോധ സംവിധാനം, പിനാക മള്‍ട്ടിബാരല്‍ റോക്കറ്റ് സംവിധാനം, അഡ്വാന്‍സ്ഡ് ടോയ്ഡ് ആര്‍ട്ടിലറി ഗണ്‍ എന്നിവയ്ക്കാണ് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നത്. ഡ്രോണുകളെയും വിമാനങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് സംവിധാനം ഇതിനകം അര്‍മേനിയ സ്വന്തമാക്കിയിട്ടുണ്ട്. പിനാക റോക്കറ്റ് സംവിധാനവും അര്‍മേനിയ വാങ്ങിയിട്ടുണ്ട്. വിയറ്റ്‌നാം, ബ്രസീല്‍, യുഎഇ എന്നിവിടങ്ങളില്‍നിന്നും പിനാകയ്ക്കായി താത്പര്യപ്രകടനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ ശക്തിയേറിയ പിനാകയില്‍ ഫ്രഞ്ച് സൈന്യവും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഉയര്‍ന്ന നിലയായ 23,622 കോടി രൂപയിലെത്തി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 31 ഇരട്ടി വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി 2029ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it