Latest News

വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറിയില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കാര മുറി അനുവദിച്ചു

വത്തിക്കാന്‍ അപ്പസ്‌തോലിക ലൈബ്രറിയില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കാര മുറി അനുവദിച്ചു
X

വത്തിക്കാന്‍: റോമന്‍ കത്തോലിക്കാ ചര്‍ച്ചിന്റെ ആത്മീയ-സാംസ്‌കാരിക-ഭരണകേന്ദ്രമായ വത്തിക്കാനിലെ അപ്പസ്‌തോലിക ലൈബ്രറിയില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കാര മുറി അനുവദിച്ചു. ലൈബ്രറിയുടെ വൈസ് പെര്‍ഫെക്ടായ ഫാദര്‍ ജാക്കമോ കര്‍ദിനാളിയാണ് ലാ റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. സിഇ 1475ല്‍ മാര്‍പാപ്പയായിരുന്ന സിക്സ്റ്റസ് നാലാമന്‍ സ്ഥാപിച്ച ലൈബ്രറിയില്‍ ഏകദേശം 16 ലക്ഷം പുസ്തകങ്ങളും 75,000 കൈയ്യെഴുത്തു പ്രതികളും സിഇ 1501ന് മുമ്പ് പ്രസിദ്ധീകരിച്ച 8,500 പുസ്തകങ്ങളുമുണ്ട്.

ഈ പുസ്തകങ്ങളെയും കൈയ്യെഴുത്തു പ്രതികളെയും ലോകമെമ്പാടുമുള്ള വിവിധ മതവിഭാഗങ്ങള്‍ പഠനത്തിനായി ആശ്രയിക്കുന്നു. പഠനത്തിനായി എത്തുന്ന മുസ്‌ലിംകള്‍ നമസ്‌കരിക്കാന്‍ സ്ഥലം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായി ഫാദര്‍ ജാക്കമോ കര്‍ദിനാളി പറഞ്ഞു. അതിനാല്‍ നമസ്‌കരിക്കാന്‍ പ്രത്യേക മുറി അനുവദിച്ചു. അക്കാദമിക് സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. അറബിക്, ഹീബ്രു, എത്ത്യോപ്യന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വളരെ പഴയ കോപ്പികളും ലൈബ്രറിയുടെ ഭാഗമാണ്.

Next Story

RELATED STORIES

Share it