Latest News

തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് സുപ്രിം കോടതി; തിങ്കളാഴ്ചക്കകം അറിയിക്കാന്‍ എസ്ബിഐക്ക് നിര്‍ദ്ദേശം

തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന്  സുപ്രിം കോടതി; തിങ്കളാഴ്ചക്കകം അറിയിക്കാന്‍ എസ്ബിഐക്ക് നിര്‍ദ്ദേശം
X

ന്യൂഡല്‍ഹി: എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ മതിയാകില്ലെന്ന് സുപ്രിംകോടതി. എന്തുകൊണ്ട് എല്ലാ രേഖകളും കൈമാറുന്നില്ലെന്ന് ചോദിച്ച കോടതി ബോണ്ട് നമ്പറുകള്‍ കൈമാറാത്തതില്‍ എസ്ബിഐക്ക് നോട്ടിസ് അയച്ചു. നമ്പറുകള്‍ വെളിപ്പെടുത്തിയാല്‍ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകും.നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് എസ്ബിഐക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ഭരണഘടന ബെഞ്ച് ഒരുങ്ങിയെങ്കിലും, ബാങ്കിന്റെ വാദം കേള്‍ക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ബാങ്കിന് നോട്ടിസ് അയച്ചത്.ഇതിനിടെ മുദ്ര വച്ച കവറില്‍ തങ്ങള്‍ കൈമാറിയ രേഖകള്‍ തിരികെ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. രേഖകളുടെ പകര്‍പ്പ് തങ്ങളുടെ പക്കല്‍ ഇല്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്ത് കൊണ്ടാണ് പകര്‍പ്പ് എടുത്ത് സൂക്ഷിക്കാത്തത് എന്ന് കോടതി ആരാഞ്ഞു. തുടര്‍ന്ന് പകര്‍പ്പ് എടുത്തതിന് ശേഷം ഒറിജിനല്‍ തിരികെ നല്‍കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. രേഖകളുടെ കോപ്പിയെടുത്ത ശേഷം നാളെ വൈകീട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

Next Story

RELATED STORIES

Share it