Latest News

ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം അംഗീകരിച്ച് സുപ്രിംകോടതി

ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം അംഗീകരിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചു. സര്‍ക്കാര്‍-ഗവര്‍ണര്‍ സമവായത്തില്‍ എത്തിയതില്‍ കോടതിക്ക് സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാവിയിലും ഇത്തരം തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന് കോടതി പ്രതീക്ഷയും പ്രകടിപ്പിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകള്‍ തുടരുകയായിരുന്ന സര്‍ക്കാരും ഗവര്‍ണറും ഒടുവില്‍ ഏകസ്വരത്തില്‍ സമവായത്തിലെത്തിയതായി കോടതിയെ അറിയിച്ചു. സുപ്രിംകോടതി തന്നെ നിയമനം നടത്തുമെന്ന സൂചന ലഭിച്ചതിന് പിന്നാലെയായിരുന്നു ഇരുപക്ഷങ്ങളും ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ നടത്തിയ നിയമനങ്ങളുടെ വിവരം ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

ഇരുസര്‍വകലാശാലകളിലും യോഗ്യതയുള്ളവരെയാണോ നിയമിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകനും ഗവര്‍ണറുടെ അഭിഭാഷകനും ഒരുപോലെ അനുകൂല മറുപടി നല്‍കി. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നടന്ന കൂടിക്കാഴ്ചയിലാണ് സമവായം ഉണ്ടായതെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ചര്‍ച്ചയ്ക്ക് ഗവര്‍ണറാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. തര്‍ക്കം പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല പറഞ്ഞു. വിഷയത്തില്‍ കോടതിയുടെ ആശങ്ക വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചായിരുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് കൃത്യമായി ഇടപെട്ട ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ സമിതിയ്ക്കും കോടതി നന്ദി അറിയിച്ചു.

സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാതെ സര്‍വകലാശാലകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വിഷയങ്ങളില്‍ ഭാവിയിലും സംവാദം തുടരണമെന്ന് നിര്‍ദ്ദേശവും നല്‍കി. അതേസമയം, ഗവര്‍ണര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചില എതിരഭിപ്രായങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ ആ സത്യവാങ്മൂലം ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉയര്‍ന്നുവന്ന നിയമപരമായ ചോദ്യങ്ങള്‍ കോടതി തുടര്‍ന്നും പരിശോധിക്കുമെന്ന് ജസ്റ്റിസ് പര്‍ദ്ദിവാല അറിയിച്ചു. സുപ്രിംകോടതിയുടെ തീരുമാനത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച നടത്തി പരസ്പര സമ്മതമുള്ള സ്ഥാനാര്‍ഥികളെ നിയമിക്കാന്‍ ധാരണയിലെത്തിയതെന്നും കോടതി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it