Latest News

ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരേ കര്‍ശന നടപടി: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

ക്യാമറകള്‍ സ്ഥാപിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ കനത്ത പിഴ ഈടാക്കും

ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരേ കര്‍ശന നടപടി: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍
X

തിരുവനന്തപുരം: ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറ വയ്ക്കണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഇതിനു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ ക്യാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇനിയും ക്യാമറ സ്ഥാപിക്കാതെ മുന്നോട്ടു പോകാമെന്ന് കരുതേണ്ടെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. എട്ടു സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ വാഹനത്തിലും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ സ്ഥാപിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. പ്രൈവറ്റ് ബസുകളില്‍ അഞ്ചു ക്യാമറകള്‍ വെക്കുന്നുണ്ടെങ്കില്‍ സ്‌കൂള്‍ ബസുകളില്‍ മൂന്ന് ക്യാമറ വെച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. ക്യാമറകള്‍ സ്ഥാപിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. പിന്നീട് ക്യാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്നു പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്‌മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് ഓരോ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടത്തില്‍ കുട്ടികള്‍ മരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. കുട്ടികള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it