Latest News

എസ്‌ഐആര്‍: വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കാന്‍ അനുവദിക്കില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

എസ്‌ഐആര്‍: വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കാന്‍ അനുവദിക്കില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വളണ്ടിയേഴ്‌സായി ആവശ്യപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.

വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയില്‍ ഒരു കാരണവശാലും കുട്ടികളെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. കുട്ടികളെ മറ്റു പരിപാടികള്‍ക്ക് വിളിച്ചു കൊണ്ടു പോകാന്‍ പാടില്ല. ഓഫീസ് ജോലികള്‍ക്ക് കുട്ടികള ഉപയോഗിക്കാന്‍ കഴിയില്ല. അത് ഉത്തരവായി ഇറക്കിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനമായ പരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, 10 ദിവസത്തിലധികം വിദ്യാര്‍ഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാര്‍ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും എന്‍എസ്എസ്, എന്‍സിസി എന്നിവ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും അധ്യയന ദിവസങ്ങളില്‍ തുടര്‍ച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികള്‍ക്കും ഫീല്‍ഡ് വര്‍ക്കുകള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ല കളക്ടറെ ബന്ധപ്പെട്ടുവെന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നാണ് വിവരം ലഭിച്ചത്. ചുമതലയുള്ള അധ്യാപകര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം 5,623 പേരാണ്. ഇതില്‍ 2,938 അധ്യാപകരും 2,104 അനധ്യാപകരും 581 മറ്റു ജീവനക്കാരും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it