Latest News

സൗദിയില്‍ ടൂറിസം മേഖലയില്‍ തിളക്കം; 2025ന്റെ ആദ്യ പകുതിയില്‍ ആറു കോടിയിലധികം സഞ്ചാരികള്‍

സൗദിയില്‍ ടൂറിസം മേഖലയില്‍ തിളക്കം; 2025ന്റെ ആദ്യ പകുതിയില്‍ ആറു കോടിയിലധികം സഞ്ചാരികള്‍
X

ജിദ്ദ: 2025ന്റെ ആദ്യ പകുതിയില്‍ സൗദി അറേബ്യയുടെ ടൂറിസം മേഖല അതുല്യമായ വളര്‍ച്ച കാഴ്ചവെച്ചു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂറിസ്റ്റുകളുടെ ആകെ എണ്ണം 6.09 കോടി ആയി ഉയര്‍ന്നതായി ടൂറിസം മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ടൂറിസം മേഖലയിലെ ആകെ വരുമാനം 161.4 ബില്യണ്‍ റിയാല്‍ കവിഞ്ഞു. ഇത് നാലുശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മക്കയും മദീനയുമാണ് വിദേശ ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ശിച്ച ലക്ഷ്യസ്ഥാനങ്ങള്‍. അതേസമയം ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയം റിയാദും കിഴക്കന്‍ പ്രവിശ്യയുമാണ്. വിനോദം, ഷോപ്പിങ്, കായികയാത്രകള്‍ തുടങ്ങിയവക്കാണ് ടൂറിസ്റ്റുകള്‍ ഈ സ്ഥലം പ്രാധാനമായും തിരഞ്ഞെടുക്കുന്നത്. തീര്‍ത്ഥാടനയാത്രകളും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്ന യാത്രകളും കൂടുതല്‍ ശ്രദ്ധ നേടുന്നു.

അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ഒരാഴ്ച്ചയും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് മൂന്നാഴ്ച്ചയുമാണ് ശരാശരി താമസദൈര്‍ഘ്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. താമസ സൗകര്യത്തിനായി 43 ശതമാനം സഞ്ചാരികള്‍ ഹോട്ടലുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. ബാക്കി സഞ്ചാരികള്‍ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളും സ്വകാര്യ വസതികളുമാണ് തിരഞ്ഞെടുക്കുന്നത്.

സൗദിയിലേക്കുള്ള ടൂറിസ്റ്റ് പ്രവാഹത്തില്‍ ഈജിപ്ത്, പാകിസ്ഥാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍. ഇന്ത്യയും ഇന്തോനേഷ്യയും പ്രധാന സംഭാവന ചെയ്യുന്ന രാജ്യങ്ങളിലാണ് ഉള്‍പ്പെടുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'വിഷന്‍ 2030' പദ്ധതിയുടെ വിജയകരമായ പുരോഗതിയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. സൗദിയിലെ ടൂറിസം മേഖലയില്‍ സ്ഥിരതയുള്ള വളര്‍ച്ച തുടരുന്നതിന്റെ സൂചനയുമാണ് ഈ നേട്ടം.

Next Story

RELATED STORIES

Share it