Latest News

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുന്നു; അമേരിക്കയുടെ സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുന്നു; അമേരിക്കയുടെ സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന് സെലന്‍സ്‌കി
X

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രെയിന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി അമേരിക്ക സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ കരാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി.

പരിഷ്‌കരിച്ച യുഎസ് സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ ആഴത്തിലുള്ള കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും യു എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ പക്ഷത്തുനിന്നും പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. പലതും അമേരിക്കയെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം ഏതാനും ചെറിയ കാര്യങ്ങളില്‍ തീരുമാനം ആകാനുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുക്രെയിനിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഇപ്പോഴും വിയോജിപ്പുകള്‍ തുടരുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രെയിന്‍ തങ്ങളുടെ അധീനതയിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുനല്‍കേണ്ടിവരും. കൂടാതെ സൈനിക നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. നേരത്തെ കീഴടങ്ങലിനു തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രെയിന്‍ തള്ളിക്കളഞ്ഞ വ്യവസ്ഥകളാണിവ.

മൂന്നര വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക, യുക്രെയിന്‍, യൂറോപ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ചെയ്ത കരാറിലെ പ്രധാന വ്യവസ്ഥകളില്‍ പ്രതിനിധികള്‍ പൊതു ധാരണയിലെത്തിയെന്ന് യുക്രെയിന്‍ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് പ്രതികരിച്ചു. റഷ്യകൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് അന്ത്യമാകും.

Next Story

RELATED STORIES

Share it