Latest News

ഡോളറിനെതിരേ രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 90.87 വരെ ഇടിഞ്ഞു, വിപണികളിലും ഇടിവ്

ഡോളറിനെതിരേ രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 90.87 വരെ ഇടിഞ്ഞു, വിപണികളിലും ഇടിവ്
X

മുംബൈ: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം ചൊവ്വാഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ 9 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലയായ 90.87ലെത്തി. ഇന്റര്‍ബാങ്ക് വിദേശനാണയ വിപണിയില്‍ രൂപ 90.87ല്‍ തുറന്ന ശേഷം മുന്‍ ക്ലോസിനേക്കാള്‍ 9 പൈസ നഷ്ടത്തോടെ 90.77-90.87 എന്ന പരിധിയിലായിരുന്നു വ്യാപാരം. രൂപയുടെ മൂല്യതകര്‍ച്ച നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാകുന്നില്ലെന്ന ആശങ്കയാണ് വിപണികളില്‍ ശക്തമാകുന്നത്. 90 വരെ മാത്രമേ ഇടിവുണ്ടാകൂവെന്നായിരുന്നു മുന്‍ നിഗമനങ്ങള്‍. റിപോ നിരക്ക് കുറച്ചിട്ടും രൂപയെ പിന്തുണയ്ക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ചയാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം മുന്‍പ് കാണാത്ത വിധം 90.78ലേക്ക് ഇടിഞ്ഞത്. അന്ന് 29 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) പിന്‍വലിക്കല്‍ തുടരുന്നതിനാല്‍, വ്യാപാരക്കമ്മി കുറഞ്ഞിട്ടും രൂപയ്ക്ക് തിരിച്ചുവരവ് സാധ്യമായില്ല. ഇതിനിടെ സ്വര്‍ണം, അസംസ്‌കൃത എണ്ണ, കല്‍ക്കരി, കോക്ക് എന്നിവയുടെ ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തം ഇറക്കുമതി 1.88 ശതമാനം ഇടിഞ്ഞ് 62.66 ബില്യണ്‍ ഡോളറിലെത്തി.

ആഭ്യന്തര ഓഹരി വിപണികളും ദുര്‍ബലത പ്രകടിപ്പിച്ചു. സെന്‍സെക്‌സ് 363.92 പോയിന്റ് ഇടിഞ്ഞ് 84,849.44ലും നിഫ്റ്റി 106.65 പോയിന്റ് ഇടിഞ്ഞ് 25,920.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it