Latest News

ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കാന്‍ പദ്ധതി; നിബന്ധനകള്‍ ഇങ്ങനെ

യുഎസ് വിസയോ, ഗ്രീന്‍ കാര്‍ഡോ, യൂറോപ്യന്‍ യൂണിയന്‍ വിസയോ, യുകെ വിസയോ പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധനകളിലൊന്ന്.

ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കാന്‍ പദ്ധതി; നിബന്ധനകള്‍ ഇങ്ങനെ
X

ദുബയ്: നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്ന പദ്ധതി എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. തങ്ങളുടെ വിമാനങ്ങളില്‍ യുഎഇയില്‍ എത്തുന്നവര്‍ക്കാണ് ഇതിനുള്ള അവസരമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റ് നിബന്ധനകളും പാലിക്കണം. 14 ദിവസത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിക്കുക. ദുബയ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ ഓണ്‍ അറൈവല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നേരത്തേ തന്നെ അംഗീകരിച്ചു നല്‍കുകയാണ് എമിറേറ്റ്‌സ് ചെയ്യുന്നത്. വിഎഫ്എസ് ഗ്ലോബലിന്റെ ദുബയ് വിസ പ്രോസസിങ് സെന്ററിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സാധാരണ പാസ്‌പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി വേണം. ഇതിന് പുറമെ യുഎസ് വിസയോ, ഗ്രീന്‍ കാര്‍ഡോ, യൂറോപ്യന്‍ യൂനിയന്‍ വിസയോ, യുകെ വിസയോ പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കുകയും വേണം. ഈ വിസകള്‍ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം എന്നതാണ് അടുത്ത നിബന്ധന.

നിബന്ധനകള്‍ പാലിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കുന്ന സംവിധാനം യുഎഇ വിമാനത്താവളങ്ങളില്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. വിമാനമിറങ്ങിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറുകളിലെത്തി വിസ സ്റ്റാമ്പ് ചെയ്യുകയാണ് സാധാരണ നിലയില്‍ ചെയ്യുന്നത്. എന്നാല്‍ എമിറേറ്റ്‌സ് പ്രഖ്യാപിച്ച ഇപ്പോഴത്തെ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വിസ നേരത്തേ തന്നെ സജ്ജമാക്കി വയ്ക്കാം. ഇതിലൂടെ അറൈവല്‍ നടപടികള്‍ ലഘൂകരിക്കാനാവും. 47 ഡോളറാണ് ഇതിന് ചെലവ്. 18.50 ഡോളര്‍ സര്‍വീസ് ചാര്‍ജും ഈടാക്കും. എന്നാല്‍ വിസ അനുവദിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം പൂര്‍ണമായും ദുബയ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് മാത്രമായിരിക്കും എന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it