Latest News

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഗസയില്‍ മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാക്കി മാറ്റി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഗസയില്‍ മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാക്കി മാറ്റി
X

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചിരുന്ന പോപ്പ് മൊബൈല്‍ എന്ന തുറന്ന വാഹനം ഗസയിലെ മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാക്കി മാറ്റി. 2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബത്ലഹേമില്‍ വന്നപ്പോള്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസാണ് മിറ്റ്സുബിഷി പിക്കപ്പ് വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി സമ്മാനിച്ചത്. കാത്തലിക് സംഘടനയായ കാരിത്താസിന്റെ നേതൃത്വത്തിലാണ് വാഹനത്തെ കുട്ടികള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്കാക്കി മാറ്റിയത്. മരണത്തിന് മുന്‍പു തന്നെ മാര്‍പാപ്പ പ്രകടിപ്പിച്ച ആഗ്രഹമായിരുന്നു ഈ വാഹനത്തെ ഗസക്ക് കൊടുക്കണമെന്നത്.

'ഗസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സംഭാവന നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗസക്ക് നല്‍കുന്നത് കേവലമൊരു വാഹനം മാത്രമല്ലെന്നും, മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറക്കുന്നില്ലെന്ന സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചത്. ഗസയിലെ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടിരുന്നു. ഒരു ദിവസം 200 കുട്ടികളെ ചികില്‍സിക്കാനുതകുന്ന രീതിയിലാണ് മൊബൈല്‍ ക്ലിനിക് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഗസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ക്ലിനിക്ക് എന്നെത്തിക്കാനാകും എന്ന കാര്യത്തില്‍ ഉറപ്പില്ല. എത്രയും പെട്ടെന്ന് അത് ഗസയിലെത്തിക്കണമെന്നാണ് ആഗ്രഹമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it