Latest News

''ലോകത്ത് ആരും സുരക്ഷിതരല്ല''; കാലാവസ്ഥാ ദുരന്തങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി അന്റോണിയോ ഗുട്ടെറസ്

ലോകത്ത് ആരും സുരക്ഷിതരല്ല; കാലാവസ്ഥാ ദുരന്തങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി അന്റോണിയോ ഗുട്ടെറസ്
X

ജനീവ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ല എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മുന്നറിയിപ്പ്. ജീവനും സമ്പദ് വ്യവസ്ഥയ്ക്കും സംരക്ഷണം നല്‍കാന്‍ അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉടന്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ കൃത്യമായ പ്രവചനങ്ങളില്ലാതെ മുന്നോട്ട് എന്താണ് വരാനിരിക്കുന്നതെന്നോ അതിനായി എങ്ങനെ തയ്യാറെടുക്കണമെന്നോ ഞങ്ങള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ലോക കാലാവസ്ഥ കേന്ദ്രം (ഡബ്ല്യുഎംഒ) കോണ്‍ഫറന്‍സ് ചേംബറിലെ സംവാദത്തില്‍ ഗുട്ടെറസ് പറഞ്ഞു. 'നിങ്ങളുടെ ദീര്‍ഘകാല നിരീക്ഷണം ഇല്ലെങ്കില്‍, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ജീവനുകളും ശതകോടിക്കണക്കിന് ഡോളറും സംരക്ഷിക്കുന്ന മുന്നറിയിപ്പുകളും മാര്‍ഗ്ഗനിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് ലഭിക്കില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാവര്‍ക്കും നേരത്തെയുള്ള മുന്നറിയിപ്പുകള്‍' എന്ന യുഎന്‍ സംരംഭത്തിന് വേഗം കൂട്ടണമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ സെലസ്റ്റെ സൗലോയും അടിയന്തര ആഹ്വാനം നടത്തി. ലോകത്തെ എല്ലാ രാജ്യങ്ങളിലും ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തമാക്കുക, കാലാവസ്ഥാ സേവനങ്ങള്‍ വികസിപ്പിക്കുക, ഡാറ്റ കൈമാറ്റം മെച്ചപ്പെടുത്തുക, ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് യോഗം മുന്നോട്ട് വച്ച പ്രധാന ലക്ഷ്യങ്ങള്‍.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ കാലാവസ്ഥ, ജല, മറ്റ് പ്രകൃതിദുരന്തങ്ങള്‍ ചേര്‍ന്ന് 20 ലക്ഷത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നു. ഇതില്‍ 90 ശതമാനവും വികസ്വരരാജ്യങ്ങളിലാണ് നടന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇപ്പോള്‍ സാമ്പത്തിക നഷ്ടങ്ങളും അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. 2022ല്‍ ഗുട്ടെറസ് ആരംഭിച്ച ''എല്ലാവര്‍ക്കും നേരത്തെയുള്ള മുന്നറിയിപ്പുകള്‍'' എന്ന പദ്ധതിയുടെ ഭാഗമായി, 2015ല്‍ വെറും 52 രാജ്യങ്ങളായിരുന്നതില്‍ നിന്ന് 2024 ഓടെ 108 രാജ്യങ്ങള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിച്ചു.

മുന്നറിയിപ്പ് സംവിധാനങ്ങള്‍ ദുര്‍ബലമായ രാജ്യങ്ങളില്‍ ദുരന്ത മരണനിരക്ക് ആറിരട്ടിയോളം കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ എല്ലാ സര്‍ക്കാരുകളും അവരുടെ നയങ്ങളിലും ബജറ്റുകളിലും മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് ഡബ്ല്യുഎംഒയുടെ ആവശ്യം.

ആഗോള താപനില വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന് അനുസൃതമായി, ഭാവിയിലെ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി പുനരുപയോഗ ഊര്‍ജ്ജം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ധീരമായ പുതിയ ദേശീയ കാലാവസ്ഥാ കര്‍മ്മ പദ്ധതികള്‍ രാജ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it