Latest News

നിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന് രാഷ്ട്രീയ നേതാക്കള്‍

നിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന് രാഷ്ട്രീയ നേതാക്കള്‍
X

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതില്‍ ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. കാന്തപുരത്തിന്റെ ഇടപെടല്‍ ഏറെ നിര്‍ണായകമായെന്നും ഇനി നല്ലതിനായി കാത്തിരിക്കാമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ഥമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. മതപരമായ കാര്യങ്ങളില്‍ മാത്രമല്ല, സാമൂഹ്യ ഐക്യത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ഇത് ആശ്വാസമുള്ള നിമിഷമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. കാന്തപുരം മുസ് ലിയാര്‍ രംഗത്തുവന്നത് പോലെ മറ്റുപലര്‍ക്കും ചെയ്യാനാകുമെങ്കില്‍ അവരും മുന്നോട്ടുവരണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. യമന്‍ ഭരണകൂട പ്രതിനിധി, കോടതി സുപ്രിം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ തുടരും.

Next Story

RELATED STORIES

Share it