Latest News

മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ വാര്‍ത്താ അവതാരകന്‍ പരിശീലിപ്പിച്ചു: ആര്‍എസ്എസ് നേതാവ്

മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ വാര്‍ത്താ അവതാരകന്‍ പരിശീലിപ്പിച്ചു: ആര്‍എസ്എസ് നേതാവ്
X

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ഒരു വാര്‍ത്താ അവതാരകന്‍ പരിശീലിപ്പിച്ചെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ. മുസ്‌ലിംകളുടെ താടിയെയും തൊപ്പിയേയും കുറിച്ച് മോശമായി പറയാന്‍ പരിശീലിപ്പിച്ചെന്നാണ് വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന ''ഇന്നത്തെ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭാവി'' എന്ന സെമിനാറില്‍ പങ്കെടുത്ത് രാജ്യസഭാ മുന്‍ എംപി കൂടിയായ രാകേഷ് സിന്‍ഹ വെളിപ്പെടുത്തിയത്.

'' ഞാന്‍ എംപിയാവുന്നതിന് മുമ്പ് 2016ലായിരുന്നു സംഭവം. എന്നെ ഒരു പ്രമുഖ ടിവി ചാനലില്‍ നിന്നു വിളിച്ചു....വൈകീട്ട് നാലു മുതല്‍ രാത്രി പതിനൊന്ന് വരെ ടിവി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നായിരുന്നു ആവശ്യം.....ചര്‍ച്ചയില്‍ ഞാന്‍ ആദ്യം സംസാരിക്കുമെന്നാണ് അവതാരകന്‍ പറഞ്ഞത്. ചര്‍ച്ച തുടങ്ങുന്നയാള്‍ക്ക് പ്രാധാന്യം കിട്ടുമെന്നതിനാല്‍ ഞാന്‍ സന്തോഷിച്ചു.''

എന്നാല്‍, പിന്നെയും ആ അവതാരകന്‍ തന്നെ വിളിച്ചതായി രാകേഷ് സിന്‍ഹ പറഞ്ഞു '' ഏതാണ് ചാനല്‍ എന്നു ഞാന്‍ പറയില്ല. മുസ്‌ലിംകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ അയാള്‍ ആവശ്യപ്പെട്ടു. മുസ് ലിംകളുടെ സാംസ്‌കാരിക രീതികളായ താടിവളര്‍ത്തല്‍, തൊപ്പി ധരിക്കല്‍ എന്നിവയെ കുറിച്ച് മോശമായി സംസാരിക്കാനും ചര്‍ച്ചക്ക് തീകൊളുക്കാനും ആവശ്യപ്പെട്ടു. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാനലിസ്റ്റായി മുസ്‌ലിമായ അന്‍സാര്‍ റാസ എന്നയാളെ ക്ഷണിച്ചിട്ടുണ്ടെന്നും അവതാരകന്‍ എന്നോടു പറഞ്ഞു...''

ചാനല്‍ ചര്‍ച്ചയിലൂടെ വിവാദമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അവതാരകന്‍ തന്നോട് പറഞ്ഞതായി രാകേഷ് സിന്‍ഹ വെളിപ്പെടുത്തി. '' ഞാന്‍ പറയുന്നതെല്ലാം ഗംഭീരമാകുമെന്നും ചര്‍ച്ച ട്വിറ്ററില്‍ ട്രെന്‍ഡ് ആകാന്‍ തുടങ്ങുമെന്നും അയാള്‍ എന്നോട് പറഞ്ഞു.''

ചര്‍ച്ച നടക്കുന്ന ദിവസം നോയ്ഡയിലെ ടിവി സ്റ്റുഡിയോയില്‍ കൃത്യസമയത്ത് എത്താന്‍ അവര്‍ വാഹനവും ഒരുക്കിയെന്ന് രാകേഷ് സിന്‍ഹ പറഞ്ഞു. '' എന്നാല്‍, മുംബൈയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങി. അയാള്‍ എന്നെ വീണ്ടും പ്രേരിപ്പിച്ചു. താന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ വീണ്ടും പരിശീലിച്ചുവെന്നു ഞാന്‍ അയാളോടു പറഞ്ഞു. ഞാന്‍ സുന്ദരനും നല്ല ഉയരവുമുള്ള ആളാണ്. ഒരുപക്ഷേ, ചാനല്‍ ചര്‍ച്ചയ്ക്ക് പകരം മുംബൈയില്‍ പോയി സിനിമയില്‍ അഭിനയിക്കുന്നതായിരിക്കും നല്ലത് എന്നും പറഞ്ഞു ''-രാകേഷ് സിന്‍ഹ വിശദീകരിച്ചു.

നയീ ദുനിയ എന്ന ഉര്‍ദു പത്രം സംഘടിപ്പിച്ച സെമിനാറില്‍ സമാജ് വാദി പാര്‍ട്ടി എംപി ഇഖ്ര ഹസന്‍, ആര്‍ജെഡി എംപി മനോജ് ത്ഥാ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, എഴുത്തുകാരന്‍ മുജിബുര്‍ റഹ് മാന്‍, മാധ്യമപ്രവര്‍ത്തകന്‍ ഹിലാല്‍ അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസും ചില മുസ്‌ലിം സംഘടനാ നേതാക്കളും തമ്മില്‍ മുമ്പ് നടത്തിയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സമാജ് വാദി പാര്‍ടി എംപി ഷാഹിദ് സിദ്ദീഖിയുടെ ഉടമസ്ഥതയിലുള്ള പത്രമാണ് നയീ ദുനിയ.

Next Story

RELATED STORIES

Share it