Latest News

'ദേശീയ നേതാക്കളെ ബിജെപിയും കേന്ദ്രസര്‍ക്കാരും അപമാനിക്കുന്നു'; മമത ബാനര്‍ജി

ദേശീയ നേതാക്കളെ ബിജെപിയും കേന്ദ്രസര്‍ക്കാരും അപമാനിക്കുന്നു; മമത ബാനര്‍ജി
X

കൊല്‍ക്കത്ത: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗാന്ധിജിയേയും നേതാജിയേയും അംബേദ്കറേയും പോലുള്ള ദേശീയ നായകരെ അപമാനിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. കേന്ദ്രം രാജ്യത്തിന്റെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ മൈതാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹദ്വ്യക്തികളോടുള്ള അനാദരവും നന്ദികേടും ഭരണതലത്തില്‍ പ്രകടമാണെന്നും ഇത് ബംഗാള്‍ അംഗീകരിക്കില്ലെന്നും മമത പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ ബിജെപി തകര്‍ക്കുകയാണെന്നും നേതാജിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം ഇതുവരെ ഒരു ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുതല്‍ നേതാജി വരെയുള്ളവര്‍ സ്വപ്നംകണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നും രാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടിയേയും മമത രൂക്ഷമായി വിമര്‍ശിച്ചു. നേതാജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹത്തോട് പൗരത്വം തെളിയിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അവര്‍ പരിഹസിച്ചു. നേതാജിയുടെ പേരക്കുട്ടി ചന്ദ്രകുമാര്‍ ബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചത് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. ഈ പരിശോധന പ്രക്രിയയ്ക്കിടെ ഉണ്ടായ സമ്മര്‍ദ്ദത്താല്‍ 110ഓളം പേര്‍ മരിച്ചതായും ഇതിന് കേന്ദ്രം മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേതാജിയുടെ 'ഡല്‍ഹി ചലോ' എന്ന മുദ്രാവാക്യം അനുസ്മരിച്ച മമത, കേന്ദ്രത്തെ 'ഗൂഢാലോചനകളുടെ നഗരം'എന്നാണ് വിശേഷിപ്പിച്ചത്. ബംഗാളിന്റെ സംസ്‌കാരത്തിനും ഭാഷയ്ക്കുമെതിരേ കേന്ദ്രം എപ്പോഴും ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരേ നാം ഒന്നിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ ബിജെപി തകര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

നേതാജിയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണം. ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സംസ്ഥാനത്തിന്റെ പക്കലുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് മമത ഓര്‍മ്മിപ്പിച്ചു. 1945നു ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല എന്നത് എല്ലാവര്‍ക്കും സങ്കടകരമായ കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ കേന്ദ്രം തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it