Latest News

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിത നിലയില്‍; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എന്‍ഡിഎസ്എ ചെയര്‍മാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിത നിലയില്‍; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എന്‍ഡിഎസ്എ ചെയര്‍മാന്‍
X

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് റിപോര്‍ട്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അണക്കെട്ട് പരിശോധിച്ച നാലാമത് മേല്‍നോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോമെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവ ഉള്‍പ്പെടെ വിവിധ സാങ്കേതിക വശങ്ങള്‍ സമിതി വിലയിരുത്തിയതായി അനില്‍ ജെയിന്‍ അറിയിച്ചു. '2025 ലെ മഴക്കാലത്തിന് ശേഷമുള്ള അണക്കെട്ടിന്റെ അവസ്ഥ പരിശോധിച്ചപ്പോള്‍ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ല. അണക്കെട്ട് നല്ല നിലയിലാണ്,' അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടും കേരളവും തമ്മിലുള്ള നിരവധി വിഷയങ്ങള്‍ യോഗത്തില്‍ സൗഹൃദപരമായി പരിഹരിച്ചതായും അദ്ദേഹം അറിയിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ചില ഉപകരണങ്ങള്‍ കേരള സര്‍ക്കാരുമായി പങ്കിടാനും, അണക്കെട്ടിലേക്ക് വനമേഖലയിലൂടെ പ്രവേശനം നല്‍കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി അനില്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ ഘടന വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ സര്‍വേയുടെ റിപോര്‍ട്ട് ലഭിച്ചാല്‍ ഗ്രൗട്ടിങ് ജോലികള്‍ തുടരുന്നതിന് അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്ര അണക്കെട്ട് സുരക്ഷാ വിലയിരുത്തലിനുള്ള പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ട ഉപസമിതികള്‍ അന്തിമമാക്കിയതായും പറഞ്ഞു. ഇരു സംസ്ഥാനങ്ങളും സ്വതന്ത്ര വിദഗ്ധ പാനലിലേക്കുള്ള വിദഗ്ധരുടെ പട്ടിക സമര്‍പ്പിക്കുമെന്നും, പാനല്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനം എന്‍ഡിഎസ്എ എടുക്കുമെന്നും അനില്‍ ജെയിന്‍ വ്യക്തമാക്കി.

ബേബി ഡാമിലെ അറ്റകുറ്റപ്പണികള്‍ക്കായി മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ആശ്രയിച്ചായിരിക്കുമെന്നും, അനുമതി പ്രക്രിയ വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎസ്എ ചെയര്‍മാന്‍ അനില്‍ ജെയിന്‍, അംഗം രാകേഷ് ടോട്ടേജ, ഐഐഎസ്സി ബെംഗളൂരുവിലെ ആനന്ദ് രാമസാമി, തമിഴ്നാട്-കേരള പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, പരിസര പ്രദേശങ്ങള്‍ എന്നിവ പരിശോധിച്ചത്.

Next Story

RELATED STORIES

Share it