Latest News

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച് എം എം മണി; പാര്‍ട്ടി ഓഫിസില്‍ വന്ന് ഒന്നും ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ അധികാര പരിധി മറികടന്ന് അനുവദിച്ച പട്ടയങ്ങളാണ് റവന്യൂ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിലൂടെ റദ്ദാക്കിയത്.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച് എം എം മണി; പാര്‍ട്ടി ഓഫിസില്‍ വന്ന് ഒന്നും ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി
X

മൂന്നാര്‍: രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എം എം മണി. രവീന്ദ്രന്‍ പട്ടയ ഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫിസിനെതിരേ നടപടി സ്വീകരിക്കാന്‍ 'ഒരു പുല്ലനെയും' അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു. 'പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. ഇ കെ നായനാര്‍ സര്‍ക്കാര്‍ നിയമപരമായി വിതരണം ചെയ്തതാണിത്. റവന്യൂമന്ത്രിയായിരുന്ന ഇസ്മായില്‍ നേരിട്ടെത്തി പട്ടയമേള നടത്തിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. എ കെ മണി എംഎല്‍എ അധ്യക്ഷനായ സമിതി പാസ്സാക്കിയത് അനുസരിച്ചാണ് പട്ടയം നല്‍കിയത്'- ഇടുക്കി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ എം എം മണി പറഞ്ഞു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ അധികാര പരിധി മറികടന്ന് അനുവദിച്ച പട്ടയങ്ങളാണ് റവന്യൂ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിലൂടെ റദ്ദാക്കിയത്. 1999ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ 530 പട്ടയങ്ങളാണ് രവീന്ദ്രന്‍ അനുവദിച്ചത്. നാലു വര്‍ഷം നീണ്ടു നിന്ന പരിശോധനകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ നടപടി. 45 ദിവസങ്ങള്‍ക്കകം പട്ടയം റദ്ദാക്കുമെന്നിരിക്കെയാണ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി നേതാവ് എം എം മണി തന്നെ രംഗത്തെത്തിയത്.

പട്ടയം റദ്ദാക്കിയതിന്റെ നിയമവശങ്ങള്‍ അടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് എം എം മണി പ്രതികരിച്ചു. പട്ടയം കിട്ടുന്നതിന് മുമ്പു തന്നെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന ഓഫിസ് മാറിയെന്ന് മാത്രം. പുതുതായി പണിതു. അവിടെ വന്നൊന്നും ചെയ്യാന്‍ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മണി വ്യക്തമാക്കി.

'അഡീഷനല്‍ തഹസില്‍ദാരായിരുന്ന രവീന്ദ്രനെ അന്ന് ജില്ലാ കലക്ടറാണ് ചുമതലപ്പെടുത്തിയത്. മേള നടത്തി കൊടുത്ത പട്ടയം റദ്ദാക്കാനുള്ള കാരണം എന്താണെന്ന് റവന്യൂ മന്ത്രിയോടും റവന്യൂ വകുപ്പിനോടും ചോദിക്കണം. ആളുകള്‍ എതിര്‍പ്പുമായി തെരുവിലേക്കിറങ്ങും. വേറെ കാര്യമൊന്നുമില്ല. ആളുകള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോട്ടെ' ഈ ഉത്തരവ് ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമല്ലോ എന്നും എം എം മണി ചോദിച്ചു.

Next Story

RELATED STORIES

Share it