Latest News

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പയ്യന്നൂര്‍ എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപണം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പയ്യന്നൂര്‍ എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപണം
X

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സിപിഎം അതിക്രമം. പ്രകടനത്തിനിടെ പോലിസുമായി ഉന്തും തള്ളും ഉണ്ടായി. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. വൈകീട്ട് അഞ്ചരയോടെ നടത്തിയ പ്രകടനത്തിലേക്ക് എംഎല്‍എയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമണത്തില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രകടനം പയ്യന്നൂരിലെത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടയിലേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ്, കെഎസ്‌യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. പ്രദേശത്ത് പോലിസുണ്ടായിരിക്കേയാണ് ആക്രമണം നടന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി കുഞ്ഞിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു. പയ്യന്നൂര്‍ മേഖലയില്‍ കുഞ്ഞികൃഷ്ണനെതിരേ വ്യാപകമായി സിപിഎം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ് സിപിഎം നേതൃത്വം. പാര്‍ട്ടിയെ തകര്‍ക്കാനാണ് നീക്കമെന്നും താന്‍ ഒഴികെ മറ്റെല്ലാവരും കള്ളന്മാരെന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജന്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it