Latest News

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു
X

കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. 80 ശതമാനം പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫര്‍ (52) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്ക് 15 ശതമാനം പൊള്ളലുണ്ട്. ഇവര്‍ ചികിത്സയിലാണ്. അതേസമയം, ദമ്പതികളെ തീ കൊളുത്തിയശേഷം ആത്മഹത്യചെയ്ത അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യം പാട്രിക് കൊറയയുടെ (52) മൃതദേഹം ചാത്യാത്ത് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വില്യം പാട്രിക്കിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

ദമ്പതികളെ വെള്ളിയാഴ്ച രാത്രിയോടെയാണു വില്യം ആക്രമിച്ചത്. കൊച്ചി ലൂര്‍ദ് ആശുപത്രിക്കു സമീപം ഗോള്‍ഡന്‍ സ്ട്രീറ്റിലായിരുന്നു സംഭവം. ദമ്പതികള്‍ ചാത്യാത്ത് പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് സ്‌കൂട്ടറില്‍ മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. പ്ലാസ്റ്റിക് കുപ്പിയിലാണ് വില്യം പെട്രോള്‍ കൊണ്ടുവന്നത്. പെട്രോള്‍ ജഗ്ഗിലേക്കു മാറ്റിയാണു ദമ്പതികളുടെ ദേഹത്തേക്ക് ഒഴിച്ചതെന്നു പോലിസ് കണ്ടെത്തി.

വില്യം പാട്രിക് കൊറയയ്ക്ക് ക്രിസ്റ്റഫറിനോട് ഉണ്ടായിരുന്നത് 15 വര്‍ഷത്തെ വ്യക്തി വൈരാഗ്യമെന്നാണു നാട്ടുകാര്‍ പറയുന്നത്. 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് വില്യം വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തന്റെ സഹോദരന്റെ മകനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച സംഭവമുണ്ടായി. ഈ സമയം അയല്‍വാസിയായ ക്രിസ്റ്റഫറാണു വില്യമിനെ ചവിട്ടി മാറ്റിയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. അന്നുമുതല്‍ നിരന്തരമായി ക്രിസ്റ്റഫറിനെയും കടുംബത്തെയും ഇയാള്‍ ശല്യം ചെയ്യാറുണ്ടായിരുന്നു.

Next Story

RELATED STORIES

Share it