Latest News

കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
X

കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചുമര്‍ ഇടിഞ്ഞുവീണ് മധ്യവയസ്‌ക്ക മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയിലുള്ള മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മറ്റും മന്ത്രി കാര്യങ്ങള്‍ സംസാരിച്ചു. വിഷയത്തില്‍ കലക്ടറുടെ റിപോര്‍ട്ട് തേടി.

വയോധിക മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്നും അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് താനും മന്ത്രി വാസവനും അപകടവിവരം അറിഞ്ഞത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധിച്ചു, ഉള്ളില്‍ ആരുമില്ല എന്ന വിവരമാണ് ലഭിച്ചത്. അതേവിവരമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്,'-മന്ത്രി പറഞ്ഞു. 'കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുക എന്നതിലുപരി ആരെങ്കിലും ഉള്ളില്‍പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സമയം കളയാതെ ആവശ്യമായ മെഷീനുകളും മറ്റും എത്തിച്ചത്. സ്ഥലത്തേക്ക് ജെസിബി എത്തിച്ചു, അത് കെട്ടിടത്തിനുള്ളിലേക്ക് കടത്താന്‍ പ്രയാസമുണ്ടായിരുന്നു. കെട്ടിടത്തില്‍ ആരും ഇല്ലാ എന്ന് പറഞ്ഞെങ്കിലും, ആരെങ്കിലും ഉണ്ടാകുമോ എന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ യുവതിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്ന് പറയാനാവില്ല,'-മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it