Latest News

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന; ധാതു ഇടനാഴി പ്രഖ്യാപനത്തില്‍ ദുരൂഹതയെന്ന് വ്യവസായ മന്ത്രി പി രാജീവ്

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന; ധാതു ഇടനാഴി പ്രഖ്യാപനത്തില്‍ ദുരൂഹതയെന്ന് വ്യവസായ മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ചതായി പറയുന്നത് ധാതു ഇടനാഴി മാത്രമാണെങ്കിലും, ഇതിന് പിന്നില്‍ സംസ്ഥാനത്തിന്റെ വിലപ്പെട്ട അപൂര്‍വ ധാതുസമ്പത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം നേടാനുള്ള ശ്രമമുണ്ടോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

നിര്‍മാണ മേഖലയില്‍ വലിയ ആവശ്യകതയുള്ള കേരളത്തിലെ അപൂര്‍വ ധാതുക്കളുടെ വില്‍പനയിലും നിയന്ത്രണത്തിലും കേന്ദ്രത്തിന് നേരിട്ട് അധികാരം നല്‍കുന്ന തരത്തിലുള്ള നിയമഭേദഗതികള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നതാണോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജനുവരി 29ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞം മുതല്‍ ചവറ വരെ ഒരു ധാതു ഇടനാഴി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍, കേന്ദ്രം സമാനമായ പദ്ധതി അവതരിപ്പിച്ചത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടിവന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയില്‍ ഇടനാഴി തുടങ്ങിയ പ്രധാന പദ്ധതികളിലൊന്നിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്ത് പുതുതായി ഏഴു ഹൈസ്പീഡ് റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതില്‍ ഒന്നിലും കേരളത്തിന് ഇടം ലഭിച്ചില്ല. അതിവേഗ റെയില്‍ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കില്‍ സംസ്ഥാനം പൂര്‍ണ പിന്തുണ നല്‍കുമായിരുന്നു എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും, കേന്ദ്രത്തിന്റെ ഏത് ഹൈസ്പീഡ് പദ്ധതിക്കൊപ്പവും കേരളം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതിനിടയില്‍, നേരത്തെ തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുവന്ന കേരളത്തെ ഒഴിവാക്കി കേന്ദ്രം പുതിയ ഏഴ് ഇടനാഴികള്‍ പ്രഖ്യാപിച്ചത് ഗുരുതര അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് വിഷയത്തിലും കേന്ദ്രം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും കേരളം പാലിച്ചിട്ടുണ്ടെന്നും, എന്നിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിക്കാതിരുന്നത് നീതീകരിക്കാനാവില്ലെന്നും പി രാജീവ് പറഞ്ഞു. കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള, വലിയ ഡിമാന്‍ഡുള്ള ഭൂമി എയിംസിനായി ആരോഗ്യ വകുപ്പിന് വിട്ടുനല്‍കുകയും എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്‍ കേരളത്തിന്റെ പേര് ഉള്‍പ്പെടുത്താത്തത് അതീവ നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും കേന്ദ്രം കേരളത്തെ തുടര്‍ച്ചയായി തഴയുകയാണ് ചെയ്തതെന്ന് മന്ത്രി ആരോപിച്ചു.

Next Story

RELATED STORIES

Share it