Latest News

കാസര്‍കോട്ട് റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കാസര്‍കോട്ട് റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
X

കാസര്‍കോട്: കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ല. ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ല. മരണകാരണം അറിയാനായി ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാസര്‍കോട് ദേളി സ്വദേശിയാണ് മരിച്ച മുബഷീര്‍. ഇന്നലെയാണ് 29കാരന്‍ മരിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് മുബഷീറിനെ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന മുബഷീര്‍ രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുന്‍പ് 2016ലെ പോക്‌സോ കേസില്‍ വാറന്റ് ഉണ്ടെന്നു പറഞ്ഞാണ് പോലിസ് അറസ്റ്റു ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസം മാതാവും രണ്ടുദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ അനുജനും സബ് ജയിലിലെത്തി മുബഷീറിനെ കണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കുടുംബം പറയുന്നു. മകന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ ആവശ്യപ്പെട്ടു. വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി സംഭവത്തിന്റെ ദുരൂഹത അകറ്റണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മുബഷീറിന്റെ മരണത്തില്‍ കാസര്‍കോട് ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it