Latest News

എസ്സി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംവരണം; നിര്‍ണായക നീക്കവുമായി കര്‍ണാടക

എസ്സി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംവരണം; നിര്‍ണായക നീക്കവുമായി കര്‍ണാടക
X

ബെംഗളൂരു: സംസ്ഥാന ആനുകൂല്യങ്ങള്‍ക്ക് തുല്യമായ പ്രവേശനം എന്ന വിവിധ ഉപജാതികളുടെ ദീര്‍ഘകാല ആവശ്യത്തില്‍ നിര്‍ണായക ചുവടുവയ്പ്പു നടത്തി കര്‍ണാടക സര്‍ക്കാര്‍. പട്ടികജാതി (എസ്സി) വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംവരണം ശുപാര്‍ശ ചെയ്യുന്ന റിപോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമര്‍പ്പിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി എച്ച് എന്‍ നാഗ്മോഹന്‍ ദാസ് അധ്യക്ഷനായ കമ്മീഷന്‍ തയ്യാറാക്കിയ 1,766 പേജുകളുള്ള റിപോര്‍ട്ട് സംസ്ഥാനത്തുടനീളം നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2.724 ദശലക്ഷം പട്ടികജാതി കുടുംബങ്ങളില്‍ നിന്നുള്ള 10.7 ദശലക്ഷത്തിലധികം ആളുകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ പാനലിന്റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

പൊതുവിദ്യാഭ്യാസത്തിലും തൊഴിലിലും പട്ടികജാതിക്കാര്‍ക്കുള്ള നിലവിലുള്ള 17 ശതമാനം സംവരണം വിവിധ ഉപജാതികള്‍ക്കിടയില്‍ വിതരണം ചെയ്തുകൊണ്ട് പുനക്രമീകരിക്കാനാണ് പാനലിന്റെ ശുപാര്‍ശ.ഇതില്‍ ദളിത് ഇടതുപക്ഷം (പ്രാഥമികമായി മാഡിഗകള്‍), ദളിത് വലതുപക്ഷം (പ്രധാനമായും ഹോളേയകള്‍), ലംബാനികള്‍, ഭോവികള്‍, കൊറാച്ചകള്‍, കോര്‍മകള്‍, നിരവധി നാടോടി സമൂഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

സര്‍വേ ഡാറ്റയും അനുബന്ധങ്ങളും ഉള്‍പ്പെടെയുള്ള ഈ റിപോര്‍ട്ട് സാമൂഹിക നീതി നടപ്പാക്കുന്നതില്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് ആഭ്യന്തര സംവരണം എന്നത് വളരെക്കാലമായി തന്റെ ആഗ്രഹമായിരുന്നുവെന്നും ആഭ്യന്തര സംവരണം നല്‍കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു റിപോര്‍ട്ട് സംഘടിതവും ശാസ്ത്രീയവുമായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

Next Story

RELATED STORIES

Share it