Latest News

ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും ഇല്ലാതെ ഐപിഎൽ ഫൈനൽ

ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും ഇല്ലാതെ ഐപിഎൽ ഫൈനൽ
X

ചെന്നൈ: ഐപിഎല്ലില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സ് കൂടി പുറത്തായതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍, ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ പോലും കളിക്കില്ലെന്ന് ഉറപ്പായി. റിസര്‍വ് ലിസ്റ്റിലുള്ള റിങ്കു സിങ് കൊല്‍ക്കത്തയ്ക്കായി കളത്തിലിറങ്ങുമെങ്കിലും പ്രധാന ടീമിലെ ഒരാള്‍ പോലും ഫൈനലിലെത്തിയ ടീമുകളില്‍ ഇല്ലെന്നത് ശ്രദ്ധേയമായി. ഇതോടെ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി-20 താരങ്ങളില്ലാതെയാവും ഞായറാഴ്ച സണ്‍റൈസേഴ്‌സ് നൈറ്റ് റൈഡേഴ്‌സ് കലാശപ്പോരിന് ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാവുക.

രാജസ്ഥാന്‍ താരങ്ങളായ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ലോകകപ്പിനുള്ള ടീമില്‍ ഉണ്ട്. പ്ലേഓഫില്‍ പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ രണ്ടു താരങ്ങളാണ് ലോകകപ്പ് സ്‌ക്വാഡിലുള്ളത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും പേസര്‍ മുഹമ്മദ് സിറാജും ടീമിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിന്റെ നാല് താരങ്ങളാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്. കാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് കാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ മുംബൈ താരങ്ങളാണ് ടീമിലുള്ളത്. ഡല്‍ഹി കാപിറ്റല്‍സിന്റെ മൂന്നു താരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടു താരങ്ങളും ലോകകപ്പിനുള്ള ടീമിലുണ്ട്.

ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. (റിസര്‍വ് താരങ്ങള്‍ ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍). ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യു.എസിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം, രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിന് തകര്‍ത്താണ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചത്. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 139ല്‍ അവസാനിച്ചു. 18 റണ്‍സ് നേടുകയും രാജസ്ഥാന്റെ മൂന്ന് ബാറ്റര്‍മാരെ കൂടാരം കയറ്റുകയും ചെയ്ത ഷഹബാസ് അഹമ്മദാണ് കളിയിലെ താരം. അര്‍ധ സെഞ്ചറി നേടിയ ധ്രുവ് ജുറേല്‍ (35 പന്തില്‍ 56*), ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 42) എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Next Story

RELATED STORIES

Share it