Latest News

ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപിക; ഫാത്തിമ ശെയ്ഖിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍

സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതി റാവു, സാവിത്രിഭായി ഫൂലെ എന്നിവരോടൊപ്പം 1848ല്‍ പരമ്പരാഗത ലൈബ്രറി സ്ഥാപിച്ച വ്യക്തിയാണ് ഫാത്തിമ ശെയ്ഖ്. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്‌കൂളുകളിലൊന്നായിരുന്നു ഇത്.

ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപിക; ഫാത്തിമ ശെയ്ഖിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപികയായി അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക ഫാത്തിമ ശെയ്ഖിന്റെ ചിത്രം ഡൂഡിലില്‍ ഉള്‍പ്പെടുത്തി ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതി റാവു, സാവിത്രിഭായി ഫൂലെ എന്നിവരോടൊപ്പം 1848ല്‍ പരമ്പരാഗത ലൈബ്രറി സ്ഥാപിച്ച് സാമൂഹിക നവോത്ഥാനം ആരംഭിച്ച വ്യക്തിയാണ് ഫാത്തിമ ശെയ്ഖ്. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്‌കൂളുകളിലൊന്നായിരുന്നു ഇത്. 1831ല്‍ പൂനെയില്‍ ഈ ദിവസമാണ് ഫാത്തിമ ശെയ്ഖ് ജനിച്ചത്.

തന്റെ സഹോദരന്‍ ഉസ്മാനോടൊപ്പം താമസിച്ചിരുന്ന അവര്‍, താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ച് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഫൂലെ ദമ്പതികളെ തങ്ങളുടെ വീട്ടിലാണ് പാര്‍പ്പിച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂള്‍ എന്ന തരത്തില്‍ ഒരു ലൈബ്രറി കെട്ടിടം തന്റെ വീട്ടിലാണ് ഫാത്തിമ ശെയ്ഖ് ആരംഭിച്ചത്. ജാതി-മത-ലിംഗ വ്യത്യാസത്തിന്റെ പേരില്‍ സ്‌കൂള്‍ പഠനം നിഷേധിക്കപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിത്, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇവിടെ വച്ച് സാവിത്രിഭായി ഫൂലെയും ഫാത്തിമ ശെയ്ഖും ചേര്‍ന്ന് വിദ്യാഭ്യാസം നല്‍കുകയുണ്ടായി.

ഈ ലൈബ്രറിയിലെത്തി സ്‌കൂള്‍ പഠനം കൈവരിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ ജാതി വ്യവസ്ഥ മറികടക്കണമെന്നും ആവശ്യപ്പെട്ട് തന്റെ സമുദായത്തിലുള്ളവരുടെ വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തിയ വ്യക്തിയുമാണ് ഫാത്തിമ. ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുണ്ടായ കടുത്ത പ്രതിഷേധവും അപമാനവും മറികടന്നാണ് ഫാത്തിമ ശെയ്ഖും സഹപ്രവര്‍ത്തകരും തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. 2014ല്‍ മറ്റു പ്രമുഖരോടൊപ്പം ഉറുദു പാഠപുസ്തകത്തില്‍ ഫാത്തിമ ശെയ്ഖിന്റെ പ്രൊഫൈല്‍ ഉള്‍പ്പെടുത്തികൊണ്ട് രാജ്യം അവര്‍ക്ക് ആദരവ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it