Latest News

'ഐ മിസ് ബ്രീത്തിങ്': വായുമലിനീകരണത്തിനെതിരേ ഇന്ത്യാ ഗേറ്റില്‍ ശക്തമായ പ്രതിഷേധം

ഐ മിസ് ബ്രീത്തിങ്: വായുമലിനീകരണത്തിനെതിരേ ഇന്ത്യാ ഗേറ്റില്‍ ശക്തമായ പ്രതിഷേധം
X

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലെ ഗുരുതരമായ വായുമലിനീകരണത്തിനെതിരേ ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിച്ച സമരം സമൂഹമാധ്യമങ്ങളിലേക്കും വ്യാപിച്ചു. കുട്ടികളും വിദ്യാര്‍ഥികളും മാതാപിതാക്കളും വിവിധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. 'ഐ മിസ് ബ്രീത്തിങ്' എന്ന സന്ദേശം ഉയര്‍ത്തിയ ബാനറുകളും പ്ലക്കാര്‍ഡുകളും സമരത്തിന്റെ മുഖചിഹ്നമായി മാറി.

വായു മലിനീകരണം നിയന്ത്രിക്കാനുള്ള അടിയന്തര സര്‍ക്കാര്‍ ഇടപെടലും ദീര്‍ഘകാല നയപരിഷ്‌കാരങ്ങളും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. സമരക്കാരുടെ പ്രധാന ആവശ്യം മലിനീകരണം കുറയ്ക്കാന്‍ കര്‍ശന നിയമങ്ങളും സ്ഥിരമായ നിരീക്ഷണ സംവിധാനവുമാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക തുടര്‍ച്ചയായി അപകടനിലയില്‍ തുടരുകയാണ്. നഗരത്തിലെ 39 നിരീക്ഷണകേന്ദ്രങ്ങളില്‍ 22 കേന്ദ്രങ്ങളിലും സൂചിക 4000നു മുകളില്‍ രേഖപ്പെടുത്തി. വായുനിലവാരം അതീവഹാനികരം എന്ന നിലയിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍ പടക്കം പൊട്ടിക്കല്‍ തുടരുകയും, വാഹന-താപനില വര്‍ധന മൂലമുള്ള പുകമഞ്ഞും ചേര്‍ന്നതോടെ മലിനീകരണം കൂടുതല്‍ രൂക്ഷമായി. വായുവില്‍ സസ്‌പെന്‍ഡഡ് പാര്‍ട്ടിക്കുലേറ്റ് മേറ്ററുകളുടെ അളവ് അപകടനിലയ്ക്ക് മുകളിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപിയുടെ 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാര്‍ വായുനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഉയരുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ കര്‍ശന നടപടികളില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗൗരവമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ സ്‌കൂളുകള്‍ അടയ്ക്കല്‍, വാഹന നിയന്ത്രണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം തുടങ്ങിയ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കേന്ദ്രത്തെയും സംസ്ഥാനത്തെയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it