Latest News

ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹ ദൗത്യം; സിഎംഎസ്- 03 ഇന്ന് വിക്ഷേപിക്കും

ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹ ദൗത്യം; സിഎംഎസ്- 03 ഇന്ന് വിക്ഷേപിക്കും
X
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വൈകുന്നേരം 5.26നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും. 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹ ദൗത്യം ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന എറ്റവും ഭാരമേറിയതാണ്.

ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിലേക്കാണ് (ജിടിഒ) വിക്ഷേപണം. LVM3-എം5 എന്നറിയപ്പെടുന്ന റോക്കറ്റിലൂടെ ഉപഗ്രഹം കുതിച്ചുയരും. 43.5 മീറ്റർ ഉയരമുള്ള ഈ റോക്കറ്റ് 4,000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ കഴിവുള്ളതിനാൽ ‘ബാഹുബലി’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

LVM3 (ലോഞ്ച് വെഹിക്കിൾ മാർക്ക്–3) ഐഎസ്ആർഒയുടെ ഏറ്റവും ശക്തമായ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ്. ചെലവ് കുറഞ്ഞ രീതിയിൽ ജിടിഒയിൽ ഭാരമേറിയ ബഹിരാകാശ പേടകങ്ങളെ സ്ഥാപിക്കാൻ ഇതിന് കഴിയും. രണ്ടു സോളിഡ് സ്ട്രാപ്പ് ഓൺ ബൂസ്റ്ററുകൾ (S200), ഒരു ലിക്വിഡ് കോർ സ്റ്റേജ് (L110), ഒരു ക്രയോജനിക് സ്റ്റേജ് (C25) എന്നിവയടങ്ങിയതാണ് ഈ മൂന്നു ഘട്ട വിക്ഷേപണ സംവിധാനം.

LVM3നെ ശാസ്ത്രീയമായി ജിയോസിൻക്രണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV) Mk III എന്നും വിളിക്കുന്നു. ഇതാണ് റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണം. 2018 ഡിസംബർ 5നു ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള ഏരിയൻ-5 റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആർഒ 5,854 കിലോഗ്രാം ഭാരമുള്ള GSAT-11 എന്ന ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. അതിനടുത്ത ഭാരമുള്ളതാണ് ഇപ്പോഴത്തെ CMS-03, എന്നാൽ ഇന്ത്യൻ മണ്ണിൽ നിന്നുള്ളതെന്നത് ചരിത്രനിമിഷം ആകുന്നു.

LVM3-യുടെ അവസാന ദൗത്യം ചന്ദ്രയാൻ-3 ആയിരുന്നു. അത് ഇന്ത്യയെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ആദ്യ രാഷ്ട്രമാക്കി. LVM3-യ്ക്ക് 4,000 കിലോഗ്രാം ഭാരമുള്ള GTO പേലോഡുകളും 8,000 കിലോഗ്രാം ലോ എർത്ത് ഓർബിറ്റിലേക്കുള്ള പേലോഡുകളും വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

കേരളത്തിലെ വിക്രം സാരാഭായ് സ്പേസ് സെൻററിലാണ് S200 ബൂസ്റ്ററുകൾ വികസിപ്പിച്ചത്. മൂന്നാം ഘട്ടമായ L110 ലിക്വിഡ് സ്റ്റേജിന് കരുത്ത് പകരുന്നത് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ രൂപകൽപ്പന ചെയ്ത വികാസ് എഞ്ചിനുകളാണ്.
Next Story

RELATED STORIES

Share it