Latest News

'കൊലപാതക കേസ് എപ്പോഴെങ്കിലും പിന്‍വലിച്ചിട്ടുണ്ടോ?' മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതക കേസ് പിന്‍വലിക്കണമെന്ന യു പി സര്‍ക്കാരിന്റെ ഹരജിയില്‍ കോടതി

കൊലപാതക കേസ് എപ്പോഴെങ്കിലും പിന്‍വലിച്ചിട്ടുണ്ടോ? മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതക കേസ് പിന്‍വലിക്കണമെന്ന യു പി സര്‍ക്കാരിന്റെ ഹരജിയില്‍ കോടതി
X

ലഖ്നോ: ഒരു കൊലപാതക കേസ് പ്രോസിക്യൂഷന്‍ പിന്‍വലിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. 2015ല്‍ മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയാക്കിയ പ്രതികള്‍ക്കു മേലുള്ള കുറ്റപത്രം പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയായിരുന്നു ഗ്രേറ്റര്‍ നോയിഡയിലെ ഫാസ്റ്റ് ട്രാക്ക് കോടതി. കേസില്‍ പ്രതികളായ 19 പേര്‍ക്കെതിരായ കുറ്റപത്രം പിന്‍വലിക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹരജി.

'ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം)കേസ് എപ്പോഴെങ്കിലും പിന്‍വലിച്ചിട്ടുണ്ടോ?' അഡീഷണല്‍ ജില്ലാ ജഡ്ജി(ഫാസ്റ്റ് ട്രാക്ക് കോടതി)സൗരഭ് ദ്വിവേദി വാദം കേള്‍ക്കുന്നതിനിടെ രണ്ടുതവണ ചോദിച്ചതായി റിപോര്‍ട്ട്. ഇതിനെതിരായ ഹരജി ഉടന്‍ ഫയല്‍ ചെയ്യുമെന്ന് അഖ്ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് സൈഫി പറഞ്ഞു. ഒരു കൊലപാതകക്കുറ്റം ഈ രീതിയില്‍ എപ്പോഴെങ്കിലും പിന്‍വലിച്ചിട്ടുണ്ടോ എന്ന് ജഡ്ജി ദ്വിവേദി വീണ്ടും ചോദിച്ചപ്പോള്‍, 'ഒരിക്കലും ഇല്ല' എന്ന് സൈഫി മറുപടി നല്‍കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 307(കൊലപാതകശ്രമം), 323(സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 504(മനപ്പൂര്‍വ്വം അപമാനിക്കല്‍), 506(ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്.

2015ല്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ചാണ് അയല്‍ക്കാര്‍ 52 വയസുള്ള മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നിട്ടുപോലും ബിജെപിയുടെ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ഉടന്‍ തന്നെ, കൊലപാതകത്തില്‍ കുറ്റാരോപിതരായ 18 ഗ്രാമീണരെയും 2017 സെപ്റ്റംബറോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഗൗതം ബുദ്ധ നഗറിലെ അപ്പര്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം, ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 321 പ്രകാരമുള്ള പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളില്‍ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും ഉള്‍പ്പെട്ടിരുന്നു.

ആഗസ്റ്റ് 26ന് അയച്ച കത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം, ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭാഗ് സിങ് ഒക്ടോബര്‍ 15ന് പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. 'കേസ് പിന്‍വലിക്കണോ അതോ വിചാരണ തുടരണോ എന്ന് അടുത്ത വാദം കേള്‍ക്കലില്‍ തീരുമാനിക്കും', കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കോടതിയെ അറിയിച്ച അസിസ്റ്റന്റ് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍(എഡിജിസി)ഭാഗ് സിങ് ഭാട്ടി പറഞ്ഞു. വിശദമായ എതിര്‍പ്പ് ഉടന്‍ ഫയല്‍ ചെയ്യുമെന്ന് സൈഫി പറഞ്ഞു. ഡിസംബര്‍ 18ന് കോടതി കേസ് പരിഗണിക്കും.

Next Story

RELATED STORIES

Share it