Latest News

കെ- റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: ശാസ്ത്രസാഹിത്യ പരിഷത്ത്‌

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപോര്‍ട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പരിഷത്ത് വ്യക്തമാക്കി.

കെ- റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: ശാസ്ത്രസാഹിത്യ പരിഷത്ത്‌
X

കണ്ണൂര്‍: കെ- റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി ഇടതുപക്ഷാഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യപരിഷത്ത് വീണ്ടും രംഗത്ത്. കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുകയല്ല, ചില പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് പരിഷത്ത് ചെയ്യുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രതികരണം.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപോര്‍ട്ട്, പാരിസ്ഥിതികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പരിഷത്ത് വ്യക്തമാക്കി. വിദേശ ഏജന്‍സികളില്‍നിന്ന് വായ്പ സംഘടിപ്പിക്കാനാണ് ഈ നീക്കമെന്ന് അവര്‍ ആരോപിക്കുന്നു. സമ്പന്നവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. കെ- റെയില്‍ കേന്ദ്രങ്ങളില്‍ പുതിയ ടൗണ്‍ഷിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ കമ്പനി 10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

സമ്പന്നര്‍ മാത്രമാണ് യാത്രക്കാരായുണ്ടാവുക. അവരെയാണ് കെ- റെയില്‍ ലക്ഷ്യമിടുന്നത്. 64,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 1.26 ലക്ഷം കോടി രൂപയാവുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്. കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. കെ- റെയിലുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊതുജനസമക്ഷം വയ്ക്കണമെന്നാണ് പരിഷത്തിന്റെ നിലപാടെന്ന് പ്രസിഡന്റ് ഒ എം ശങ്കരനും സെക്രട്ടറി പി ഗോപകുമാറും വ്യക്തമാക്കി.

Next Story

RELATED STORIES

Share it