Latest News

കടാതി പള്ളിയിലെ വെടിക്കെട്ട് അപകടം; പള്ളി വികാരിക്കും ട്രസ്റ്റികള്‍ക്കുമെതിരേ കേസ്

കടാതി പള്ളിയിലെ വെടിക്കെട്ട് അപകടം; പള്ളി വികാരിക്കും ട്രസ്റ്റികള്‍ക്കുമെതിരേ കേസ്
X

തൊടുപുഴ: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചാരവെടിക്കിടെ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പള്ളി വികാരിക്കും ട്രസ്റ്റികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയതിനും സ്‌ഫോടകവസ്തു നിയമ ലംഘന പ്രകാരവുമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വര്‍ക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോള്‍, സി എം എല്‍ദോ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പള്ളിയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ നടന്നുവരവെ ഇന്ന് രാവിലെ ആചാരവെടി ഉണ്ടായിരുന്നു, ഇതിനായി പള്ളിയോട് ചേര്‍ന്ന കെട്ടിടത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിരുന്ന് കതിന നിറയ്ക്കുകയായിരുന്നു ജെയിംസും രവിയും. ഇതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജെയിംസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കെട്ടിടം തകര്‍ന്നു. ഇതോടെ പള്ളിയിലെ പെരുന്നാള്‍ ചടങ്ങുകള്‍ വെട്ടിക്കുറച്ചു. മരിച്ച രവിയുടെ കുടുംബത്തിന് ചര്‍ച്ച് ഒരു ലക്ഷം രൂപ നല്‍കും. ജെയിംസിന്റെ ചികില്‍സാ ചെലവ് പൂര്‍ണമായും പള്ളി ഏറ്റെടുക്കും.

Next Story

RELATED STORIES

Share it