Latest News

സ്വീഡനിലെ വാട്ടർ തീം പാര്‍ക്കിൽ വൻസ്ഫോടനം; 16 പേര്‍ക്കു പരിക്ക്‌

സ്വീഡനിലെ വാട്ടർ തീം പാര്‍ക്കിൽ വൻസ്ഫോടനം; 16 പേര്‍ക്കു പരിക്ക്‌
X

സ്റ്റോക്ഹോം: സ്വീഡനിൽ പുതിയായി നിര്‍മാണം പൂര്‍ത്തിയായ വാട്ടർ തീം പാര്‍ക്കിൽ വൻ സ്‍ഫോടനം. അപകടത്തിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. നിർമാണം പൂര്‍ത്തിയായെങ്കിലും പാര്‍ക്കിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സ്വീഡനിലെ ഗൊതൻബർഗിലുള്ള ഓഷ്യന വാര്‍ക്ക് പാര്‍ക്കിലായിരുന്നു സംഭവം. സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരെ ഹോട്ടലുകളിലേക്കും മറ്റ് ഓഫീസുകളിലേക്കും മാറ്റി. പ്രദേശത്ത് കനത്ത പുക നിലനിൽക്കുന്നതിനാൽ ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. നിരവധി വാട്ടർ സ്ലൈഡുകള്‍ ഓഷ്യന പാര്‍ക്കിൽ സജ്ജീകരിച്ചിരുന്നു. ഇതെല്ലാം കത്തിയമരുന്ന ദൃശ്യങ്ങള്‍ ചില പ്രദേശവാസികള്‍ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറ‌ഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും ഈ വീഡിയോ ക്ലിപ്പിൽ തന്നെ കാണുന്നുണ്ട്. അവശിഷ്ടങ്ങൾ തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും പാര്‍ക്കിലെ ഉപകരണങ്ങളിലേക്കും തെറിച്ചുവീഴുന്നതും കാണാം. ലിസ്ബര്‍ഗ് അമ്യൂസ്മെന്റ് പാര്‍ക്ക് വികസനത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ പുതിയ വാട്ടർ തീം പാര്‍ക്ക് ഈ വര്‍ഷം തന്നെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒരു വശത്ത് തുടങ്ങിയ തീ വളരെ വേഗം പൂൾ ഹാളിലേക്ക് വ്യാപിച്ചു. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും എന്നാൽ കാണാതായ ആളിനെ കണ്ടെത്താനും ബുദ്ധിമുട്ട് നേരിടേണ്ടിവന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാനുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലിസ്ബർഗ് സിഇഒ ആൻഡ്രിയാസ് ആന്‍ഡേഴ്സൺ പറഞ്ഞു. കെട്ടിടത്തിൽ ഒരു കരാറുകാരന്റെ നേതൃത്വത്തിൽ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ അഗ്നിശമന സേന സ്വീകരിച്ചു. പ്ലാസ്റ്റിക് നിര്‍മിതികള്‍ കരിഞ്ഞതിനെ തുടർന്നുള്ള രൂക്ഷഗന്ധം പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അഗ്നിശമന സേനയും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it