Latest News

ഓരോ പൗരനും ഭരണഘടനയുടെ കാവലാളാകണം:മന്ത്രി പി പ്രസാദ്

ആലപ്പുഴ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം

ഓരോ പൗരനും ഭരണഘടനയുടെ കാവലാളാകണം:മന്ത്രി പി പ്രസാദ്
X

ആലപ്പുഴ: ഓരോ പൗരനും രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളാകണമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മഹത്തായ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമായി കാണാന്‍ സാധിക്കണം.ഭരണഘടനയ്‌ക്കെതിരേ ഉയരുന്ന കൈകളെ തട്ടിമാറ്റി മാനവികത ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. ഓരോ മനുഷ്യനെയും സ്‌നേഹിക്കാനും സഹിഷ്ണുത നിലനിര്‍ത്താനും വിദ്വേഷത്തിന്റെയും വിനാശത്തിന്റെയും ശക്തികള്‍ക്കെതിരായ നിലപാട് സ്വീകരിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് റിപബ്ലിക് ദിനാഘോഷം നടത്തിയത്.മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയ ചടങ്ങില്‍ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് തുറന്ന ജീപ്പില്‍ സഞ്ചരിച്ച് പരേഡ് പരിശോധിച്ചു.ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറും ജില്ലാ പോലിസ് മേധാവി ജി ജയദേവും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.

എഎം ആരിഫ് എം.പി,എച്ച് സലാം എം.എല്‍.എ,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്,മുന്‍ എം.എല്‍.എ എഎ ഷുക്കൂര്‍,എ.ഡി.എം ജെ മോബി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചേര്‍ത്തല സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബി വിനോദ് കുമാര്‍ പരേഡ് കമാന്‍ഡറായിരുന്നു. പോലിസിന്റെ മൂന്നു പ്ലറ്റൂണുകളും എക്‌സൈസിന്റെ ഒരു പ്ലറ്റൂണും സായുധ പോലിസ് സെക്കന്‍ഡ് ബറ്റാലിയന്റെ ബാന്‍ഡ് വിഭാഗവും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. പുളിങ്കുന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് പ്രദീപ്, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കെഎം ഗോപി, സബ് ഇന്‍സ്‌പെക്ടര്‍ ടികെ കുഞ്ഞുമോള്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സതീഷ് എന്നിവര്‍ യഥാക്രമം ലോക്കല്‍ പോലിസ്, ആംഡ് റിസര്‍വ്, വനിതാ പോലിസ്, എക്‌സൈസ് പ്ലറ്റൂണുകളെ നയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനി പരിശോധന നടത്തിയാണ് ആളുകളെ പോലിസ് പരേഡ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടത്.

Next Story

RELATED STORIES

Share it