Latest News

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കരുത്'; കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് ഓഫീസര്‍
X

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുക്കുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകള്‍ക്ക് പുറമെ, സീല്‍ ചെയ്യാത്ത മുറികള്‍ പോലും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.

പാലക്കാട് വിക്ടോറിയ കോളജിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ തുറക്കാന്‍ തീരുമാനിച്ചത് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയല്ലെന്നും, തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ 'മെറ്റീരിയല്‍ സ്‌ട്രോങ് റൂം' ആണെന്നും ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി വിശദീകരിച്ചു. വെബ്‌സൈറ്റില്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഫോം 17 A എടുക്കാനായിരുന്നു ഈ നീക്കം. വിവാദമായതോടെ മെറ്റീരിയല്‍ റൂം തുറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Next Story

RELATED STORIES

Share it