Latest News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് രണ്ടു കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്:  യുവതിക്ക് നഷ്ടമായത് രണ്ടു കോടി രൂപ
X

ബെംഗളുരു: നഗരത്തില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബര്‍ തട്ടിപ്പ്. വ്യാജ ഭീഷണിയില്‍ കുടുങ്ങിയ യുവതിക്ക് രണ്ടു കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. തട്ടിപ്പുകാര്‍ക്ക് പണം നല്‍കുന്നതിനായി യുവതി ഫഌറ്റും രണ്ടു പ്ലോട്ടുകളും വിറ്റതായി പോലിസ് സ്ഥിരീകരിച്ചു.

മുംബൈ പോലിസിന്റെയും സിബിഐയുടെയും ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയെ ഫോണ്‍ വഴി സമീപിച്ചത്. യുവതിയുടെ പേരില്‍ അയച്ച ഒരു കൊറിയറില്‍ അനധികൃത ലഹരിമരുന്നുകളും ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയതായും, ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, ദിവസങ്ങളോളം വീഡിയോ കോളിലൂടെ യുവതിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. കേസില്‍ നിന്ന് ഒഴിവാകാന്‍ വലിയ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, യുവതി അടിയന്തരമായി തന്റെ ഫഌറ്റും രണ്ടു സ്ഥലങ്ങളും വിറ്റ് തുക സമാഹരിക്കുകയായിരുന്നു.

സമാഹരിച്ച പണം പ്രതികള്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതിനു ശേഷം ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം യുവതിക്ക് ബോധ്യമായത്. തുടര്‍ന്ന് സിറ്റി സൈബര്‍ ക്രൈം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it