Latest News

ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച ഉത്തരവ്

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി

ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച ഉത്തരവ്
X

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ശനിയാഴ്ച ഉത്തരവ്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം. ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി. വിശദമായ വാദമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച നടന്നത്. 20 ദിവസം വൈകിയാണ് പരാതി പോലിസിനുമുന്നിലെത്തുന്നതെന്ന് പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയില്‍ ഗൂഢാലോചനയുണ്ട്. തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ഉണ്ടാക്കിയ കേസാണിത്. പി ടി കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നല്‍കാനുള്ള വിവേകം അവര്‍ക്കില്ലാതിരുന്നതെന്നും സംവിധായകന്റെ അഭിഭാഷകന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പി ടി കുഞ്ഞുമുഹമ്മദിനെപ്പോലെ ഒരാളില്‍നിന്നുണ്ടായ മോശം പെരുമാറ്റത്തിലുണ്ടായ ഷോക്കാണ് പരാതി നല്‍കാന്‍ വൈകിയതിനുള്ള കാരണം. ആ ഞെട്ടല്‍ മാറാന്‍തന്നെ ദിവസങ്ങളെടുത്തു. പരാതി നല്‍കുന്നത് സംബന്ധിച്ച് കുടുംബവുമായി അവര്‍ക്ക് ആലോചിക്കണമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുഞ്ഞുമുഹമ്മദിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്‌കെയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇവര്‍ ഇ-മെയിലിലൂടെ പരാതി നല്‍കിയത്. നവംബര്‍ 27ന് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലിസിനു കൈമാറിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it