Latest News

കുറ്റപത്ര സമര്‍പ്പണം വൈകുന്നത് അതീവഗുരുതരം: സുപ്രിംകോടതി

കുറ്റപത്ര സമര്‍പ്പണം വൈകുന്നത് അതീവഗുരുതരം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനാവശ്യമായി വൈകുന്നതില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി. ഭാരതീയ നഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്)യില്‍ 251(ബി) വകുപ്പ് പ്രകാരം സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് വിധേയമായ കേസുകളില്‍ ആദ്യ ഹിയറിംഗിന് ശേഷം 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിയമം വ്യക്തമാക്കുന്നുവെങ്കിലും, അത് പാലിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടുവര്‍ഷമായി കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്കെതിരേ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കേസാണ് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ വീഴ്ചയെ അതീവ ഗുരുതരമായ സാഹചര്യം എന്ന് വിശേഷിപ്പിച്ചത്.

'സിവില്‍ കേസുകളില്‍ വിഷയം നിശ്ചയിക്കാത്തതും, ക്രിമിനല്‍ കേസുകളില്‍ കുറ്റചുമത്തല്‍ വൈകുന്നതും ന്യായനടപടികള്‍ നീണ്ടുപോകാനുള്ള പ്രധാന കാരണങ്ങളാണ്. ഇത്തരത്തിലുള്ള താമസങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണം. ആവശ്യമെങ്കില്‍ രാജ്യവ്യാപക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും,' എന്ന് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വ്യക്തമാക്കി.

കേസില്‍ സീനിയര്‍ അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂരിയായി നിയമിച്ചു. കൂടാതെ അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഡ്വക്കേറ്റ് എസ് നാഗമുത്തു എന്നിവരുടെയും സഹായം തേടാനും ബെഞ്ച് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it