Latest News

പഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിന് താഴിട്ട് അധികൃതര്‍

പഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിന് താഴിട്ട് അധികൃതര്‍
X

കോഴിക്കോട്: പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിന് താഴിട്ട് അധികൃതര്‍. പഠിക്കാന്‍ കുട്ടികളില്ലെന്ന കാരണം പറഞ്ഞാണ് നീക്കം. ഇക്കൊല്ലം പ്രവേശനോല്‍സവത്തിനു മുമ്പു തന്നെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ റിപോര്‍ട്ടുകളും വന്നിരുന്നു. സിപിഎം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യവും ഉള്ള ഒരു വിദ്യാലയം അടച്ചു പൂട്ടലിന്റെ വക്കിലെത്തിയത്. കേരളത്തില്‍ ജാതിയും മതവും ഇല്ലെന്ന് ആളുകള്‍ പറയുമ്പോഴാണ് പിന്നോക്കജാതിക്കാര്‍ പഠിക്കുന്ന വിദ്യാലയം ആയതു കൊണ്ടു മാത്രം കാലക്രമേണ ഒരു സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവു സംഭവിച്ചത് . സിപിഎം ഭരിക്കുന്ന ഒരു പഞ്ചായത്തിലെ സ്‌കൂളിനു സംഭവിച്ച അവസ്ഥയില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു കുറിപ്പ് കോണ്‍ഗ്രസ് എംഎല്‍എ ആയ ടി സിദ്ദിഖും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

'He who opens a school door, closes a prison.'

ഒരു സ്‌കൂളിന്റെ വാതില്‍ തുറക്കുന്നവന്‍ ഒരു ജയില്‍ അടയ്ക്കുന്നു എന്ന വിക്ടര്‍ ഹ്യൂഗോവിന്റെ ഈ വാക്കുകളാണ് പേരാമ്പ്രയിലെ വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ പൂട്ടുമ്പോള്‍ ഓര്‍മ വരുന്നത്. മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള സ്‌കൂളാണ് ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാതെ പൂട്ടിപ്പോകുന്നത്. പ്രവേശനോത്സവത്തിന്റെ തലേ ദിവസം തന്നെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റുകയും ചെയ്തു..!

ആ സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ സിപിഎം ആണ്. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. ആ സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ എം.എല്‍.എ സിപിഎം ആണ്. കേരളം ഭരിക്കുന്നത് സിപിഎം ആണ്. ആ സ്‌കൂള്‍ നില നിര്‍ത്താന്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യം ഉയര്‍ത്തുക തന്നെ ചെയ്യും.

ആ സ്‌കൂളില്‍ ജാതിവിവേചന ചര്‍ച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന് വന്നിരുന്നത് ഓര്‍ക്കുന്നു. സാംബവ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ എന്ന ലേബലില്‍ ആദ്യം സ്‌കൂളിനെ എത്തിക്കുകയും പിന്നീട് ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നപ്പോള്‍ ആ വിഭാഗവും സ്‌കൂളിനെ കയ്യൊഴികയായിരുന്നു. പേരാമ്പ്രയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവന ചെയ്ത സ്‌കൂള്‍ അടയ്ക്കുന്നത് തൊട്ടടുത്തുള്ള സ്വകാര്യ സ്‌കൂളുകളെ വലിയ തോതില്‍ സഹായിക്കുന്ന സ്ഥിതിവിശേഷമാണ് കാണാന്‍ കഴിയുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് നിര്‍ത്താന്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനാണ് കഴിയുക. അവിടെയുള്ള ജനങ്ങളെ ബോധവല്‍ക്കരിച്ച് ആ സ്‌കൂളിനെ നില നിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും അത് സര്‍ക്കാരോ തദ്ദേശ ഭരണകൂടമോ ചെയ്തില്ല. സ്‌കൂളിന് വേണ്ട വാഹനമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയില്ല എന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുമ്പോള്‍ ആ നാടിന് അത് നല്ല വാര്‍ത്തയല്ല എന്ന് ഓര്‍മ്മിക്കുന്നു.

എന്ത് വില കൊടുത്തും പഠന-പാഠ്യേതര നിലവാരത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഈ സ്‌കൂള്‍ നില നിര്‍ത്താന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു... ??

Next Story

RELATED STORIES

Share it