Latest News

'കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു'; ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്

കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോണ്‍ ബ്രിട്ടാസ് എംപി
X

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2026ലെ യൂണിയന്‍ ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോണ്‍ ബ്രിട്ടാസ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ധനമന്ത്രി നേരിട്ട് സമര്‍പ്പിച്ച 29 സുപ്രധാന ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പോലുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതിനകം 22 എയിംസുകള്‍ അനുവദിച്ചിട്ടും, വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മൗനം തുടരുകയാണ്. എയിംസ് നല്‍കുന്നില്ലെന്ന് മാത്രമല്ല, പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ പോലും ആയുര്‍വേദത്തിന്റെ നാടായ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിവേഗ റെയില്‍വേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും നടത്തിയില്ല. ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളപ്പിച്ചു. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റാണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബജറ്റില്‍ ആകെ കേരളത്തിന്റെ പേര് പരാമര്‍ശിച്ചത് ധാതു ഇടനാഴിയുടെ കാര്യത്തില്‍ മാത്രമാണ്. കേരളത്തിന്റെ ധാതുസമ്പന്നത ഒഴിവാക്കാനാകാത്തത് കൊണ്ട് മാത്രമാണ് ആ ഒരു പരാമര്‍ശം. ഇത് സംസ്ഥാനത്തെ ധാതുവിഭവങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ ആവശ്യപ്പെട്ടിട്ട് പോലും അംഗീകരിക്കപ്പെട്ടില്ല. സെസ്സും സര്‍ചാര്‍ജുമായി പിരിച്ചെടുക്കുന്ന ഏഴു ലക്ഷം കോടി രൂപ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ കേന്ദ്രം തയ്യാറല്ല. മുന്‍പ് പ്രഖ്യാപിച്ച പിഎം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലൂടെ എത്ര തൊഴില്‍ സൃഷ്ടിക്കപ്പെട്ടുവെന്നോ, രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബജറ്റില്‍ ഒരു പരാമര്‍ശവുമില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം വികസന ഭൂപടത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

Next Story

RELATED STORIES

Share it