Latest News

'മുസ് ലിമായതുകൊണ്ടാണോ ഒഴിപ്പിക്കുന്നത്?'; അസമിലെ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ ആശങ്ക പൂണ്ട് പ്രദേശവാസികള്‍

മുസ് ലിമായതുകൊണ്ടാണോ ഒഴിപ്പിക്കുന്നത്?; അസമിലെ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ ആശങ്ക പൂണ്ട് പ്രദേശവാസികള്‍
X

ഗോള്‍പാറ: അസമിലെ ഗോള്‍പാറ ജില്ലയില്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ നടപടിയാണ് പുരോഗമിക്കുന്നത്. ദഹികാട റിസര്‍വ് വനത്തിലെ 1,143 ബിഗാ വനഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞ് ആരംഭിച്ച ഈ നടപടി രണ്ടുദിവസം നീണ്ടുനില്‍ക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നിര്‍ദേശപ്രകാരം പ്രദേശത്ത് ഇതിനായി 900ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഈ നടപടി ബാധിക്കുന്നത് ഇവിടത്തെ മുസ് ലിം കുടുംബങ്ങളാണ്. തങ്ങള്‍ മുസ് ലിംമായതുകൊണ്ടാണോ തങ്ങളെ ഒഴിപ്പിക്കുന്നതെന്ന് ഇവിടുത്തുകാര്‍ ചോദിക്കുന്നു. തങ്ങള്‍എങ്ങോട്ടു പോകും എന്ന് ഇവര്‍ ചോദിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിസ്സാഹായാവസ്ഥ നിഴലിക്കുന്നു. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഒരു പുനരിധിവാസ വപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പോകാന്‍ മറ്റൊരിടവും ഇല്ലെന്നും ഇവിടുത്തുകാര്‍ പറയുന്നു.

എന്നാല്‍ രണ്ടാഴ്ച മുമ്പ് ഏകദേശം 580 കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ഗോള്‍പാറ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രൊദീപ് ടിമുങ് പറഞ്ഞു. ഏകദേശം 70% കുടുംബങ്ങളും സ്വമേധയാ ഒഴിഞ്ഞുപോയെന്നും ബാക്കിയുള്ളവര്‍ വീടൊഴിയാനുള്ള ഒരുക്കത്തിലാണെന്നും പ്രൊദീപ് ടിമുങ് അവകാശപ്പെട്ടു. ദഹികാട റിസര്‍വ് വനത്തിന് കീഴിലുള്ള മുഴുവന്‍ ഭൂമിയും ഈ ആളുകള്‍ കൈയേറിയിരിക്കുന്നുവെന്നും ഗുവാഹത്തി ഹൈക്കോടതി നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഓപ്പറേഷന്‍ നടത്തുന്നതെന്ന് ടിമുങ് പറഞ്ഞു.

മനുഷ്യവാസ കേന്ദ്രങ്ങള്‍ നീക്കം ചെയ്യുന്നത് മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി (വനം) എം കെ യാദവയുടെ വാദം. എന്നാല്‍ തങ്ങള്‍ പ്രദേശം കയ്യേറിയവരായിരുന്നെങ്കില്‍ പിന്നെ എന്തിന് തങ്ങള്‍ക്ക് വൈദ്യുതി, ടോയ്ലറ്റുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ നല്‍കിയതെന്നും ഇവിടെയുള്ളവര്‍ ചോദിക്കുമ്പോള്‍ അധികൃതര്‍ക്ക് മറുപടിയില്ല എന്നതാണ് വാസ്തവം.

ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎംഎസ്യു) ഈ നടപടിയെ അപലപിച്ചു. എത്രകാലം സര്‍ക്കാര്‍ ഈ അടിച്ചമര്‍ത്തല്‍ തുടരും ജനങ്ങളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ തട്ടിയെടുക്കും എന്ന് എഎംഎസ്യു പ്രസിഡന്റ് റെസോള്‍ കരീം സര്‍ക്കാര്‍ ചോദിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ പ്രധാന കുടിയൊഴിപ്പിക്കല്‍ നടപടിയാണിത്. ജൂണ്‍ 16ന് ഗോള്‍പാറ പട്ടണത്തിനടുത്തുള്ള ഒരു തണ്ണീര്‍ത്തടമായ ഹസിലാബീലില്‍ 690 കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റി. ജൂലൈ 12 ന് പൈക്കന്‍ റിസര്‍വ് വനത്തിലെ 140 ഹെക്ടര്‍ ഭൂമി വെട്ടിത്തെളിച്ചപ്പോള്‍ ഏകദേശം 1,080 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചുദിവസത്തിന് ശേഷം, സ്ഥലത്ത് നടന്ന ഏറ്റുമുട്ടലിനിടെ പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. 19 വയസുകാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it