Latest News

സാമൂഹിക വിരുദ്ധ വീഡിയോകള്‍: യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി

കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായകമായ വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളും ഇനി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് മറുപടി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

സാമൂഹിക വിരുദ്ധ വീഡിയോകള്‍: യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യങ്ങള്‍ക്ക് സഹായിക്കുന്ന വീഡിയോകള്‍ ലഭ്യമായ യൂട്യൂബിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായകമായ വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളും ഇനി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് മറുപടി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറായ സട്ടൈ ദുരൈമുരുകന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുമ്പോഴാണ് യൂട്യൂബിലെ സാമൂഹിക വിരുദ്ധ വീഡിയോകള്‍ സംബന്ധിച്ച് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. നാടന്‍തോക്ക് നിര്‍മാണം, കൊള്ള നടത്തല്‍ തുടങ്ങിയ ധാരാളം കുറ്റകൃത്യങ്ങളെ സഹായിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ഇവ കണ്ട് കുറ്റം ചെയ്യുമ്പോള്‍ യുട്യൂബും പ്രതിസ്ഥാനത്താകുന്നതായി ജസ്റ്റിസ് ബി പുകഴേന്തി അഭിപ്രായപ്പെട്ടു.

വിദേശ കമ്പനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാന്‍ നിയമം ഇല്ലേയെന്ന് കോടതി ചോദിച്ചു. ചാരായം വാറ്റുന്നതടക്കമുള്ള വീഡിയോകള്‍ എങ്ങനെയാണ് തടയാന്‍ സാധിക്കുക? എല്ലാത്തരം വീഡിയോകളും യുട്യൂബ് അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. ഏറെ നല്ലവശങ്ങളുണ്ടെങ്കിലും യുട്യൂബിനെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it