Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി ടി കെ രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഹരജി

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി ടി കെ രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഹരജി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു. വിരമിച്ച ശേഷം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് രത്നകുമാര്‍ വിജയിച്ചിരുന്നു.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്‌നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പറയുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.

2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Next Story

RELATED STORIES

Share it