Latest News

നടിയെ ആക്രമിച്ച കേസ്: 'തങ്ങളെ ഉപദ്രവിക്കരുത്'; ശ്രീലക്ഷ്മിക്ക് കേസുമായി ബന്ധമില്ലെന്ന് ഭര്‍ത്താവ്

നടിയെ ആക്രമിച്ച കേസ്: തങ്ങളെ ഉപദ്രവിക്കരുത്; ശ്രീലക്ഷ്മിക്ക് കേസുമായി ബന്ധമില്ലെന്ന് ഭര്‍ത്താവ്
X

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ശ്രീലക്ഷ്മിക്ക് ബന്ധമില്ലെന്ന് ഭര്‍ത്താവ്. കേസുമായി ഒരു ബന്ധമില്ലെന്നും തങ്ങളെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നുമാണ് ഭര്‍ത്താവ് മലയാളത്തിലെ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. കേസുമായി ബന്ധമില്ലെന്ന് പോലിസിന് മനസിലായതാണ്. അത് കോടതിയെ അറിയിച്ചിരുന്നു. ഫോണടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചതാണ്. ഇപ്പോള്‍ എന്തിനാണ് തങ്ങളെ ഇതിലേക്ക് കൊണ്ടുവരുന്നതെന്ന് അറിയില്ലെന്നും ഉപദ്രവിക്കരുതെന്നും ഇയാള്‍ പറഞ്ഞു.

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സംഭവ സമയത്ത് നിരന്തരമായി ഫോണില്‍ സംസാരിച്ച ശ്രീലക്ഷ്മി ആരാണെന്ന് വിചാരണക്കോടതി ചോദിച്ചിരുന്നു. ഇതോടെയാണ് ശ്രീലക്ഷിയുടെ പേര് വീണ്ടും ചര്‍ച്ചയിലിടം പിടിച്ചത്. നടിയെ തട്ടിക്കൊണ്ടുപോവുന്ന സമയത്തും നടിയുടെ കൂടെയുള്ള സമയത്തും പള്‍സര്‍ സുനി ശ്രീലക്ഷ്മിയുമായി സംസാരിച്ചിരുന്നുവെന്നും പക്ഷേ, ശ്രീലക്ഷ്മിയെ പോലിസ് കേസില്‍ സാക്ഷിയാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു സ്ത്രീയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവനടിയെ ആക്രമിക്കുന്നതെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന യുവനടിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ശ്രീലക്ഷ്മിയെ കുറിച്ച് എന്തുകൊണ്ട് പോലിസ് അന്വേഷണം നടത്തിയില്ലെന്ന്‌ കോടതി ചോദിച്ചു. യുവനടിയുടെ വീഡിയോ ചിത്രീകരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ പള്‍സര്‍ സുനി, ശ്രീലക്ഷ്മിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഫെബ്രുവരി 23ന് സുനി അറസ്റ്റിലായ ശേഷവും ശ്രീലക്ഷ്മി, സുനിയെ ഫോണില്‍ വിളിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

അക്രമം നടന്ന 2017 ഫെബ്രുവരി പതിനേഴിന് ശ്രീലക്ഷ്മിയുടെ ഫോണില്‍ നിന്ന് വൈകീട്ട് 3.44 വരെ പള്‍സര്‍ സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. വൈകീട്ട് 6.22 മുതല്‍ 7.59 വരെ ശ്രീലക്ഷ്മി ആറുതവണ പള്‍സര്‍ സുനിയെ വിളിച്ചു. രാത്രി 9.03 മുതല്‍ 9.56 വരെ ശ്രീലക്ഷ്മി ഏഴു സന്ദേശങ്ങളും അയച്ചു. യുവനടിയുടെ വീഡിയോ ചിത്രീകരിച്ചത് രാത്രി 10.30നും 10.48നും ഇടയിലാണ്. രാത്രി 9.56നാണ് ശ്രീലക്ഷ്മിയുടെ അവസാന സന്ദേശം സുനിക്ക് എത്തിയത്.

Next Story

RELATED STORIES

Share it