Latest News

യെമന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ദാരുണാന്ത്യം

യെമന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ദാരുണാന്ത്യം
X

യെമന്‍: യെമന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും മരിച്ചു, 74 പേരെ കാണാതായതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി റിപോര്‍ട്ട്‌ചെയ്തു.യെമനിലെ തെക്കന്‍ അബ്യാന്‍ പ്രവിശ്യയിലെ ഏദന്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 154 എത്യോപ്യന്‍ കുടിയേറ്റക്കാരുമായി പോയ കപ്പല്‍ മുങ്ങിയതായും 12 പേരെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂവെന്നും യെമനിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) മേധാവി അബ്ദുസത്തര്‍ എസോവ് പറഞ്ഞു.

ഖാന്‍ഫാര്‍ ജില്ലയില്‍നിന്ന് 54 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 14 മൃതദേഹങ്ങള്‍ പ്രത്യേക സ്ഥലത്ത് നിന്ന് കണ്ടെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ഷഖ്റ നഗരത്തിന് സമീപം മരിച്ചവരെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാന്‍സിബാറിലെ ആരോഗ്യ ഓഫീസ് മേധാവി അബ്ദുള്‍ ഖാദിര്‍ ബജാമില്‍ അറിയിച്ചു. . വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും ദാരിദ്ര്യവും മൂലം പലരും യെമനില്‍ എത്താനോ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനോ വേണ്ടിയാണ് പലായനം ചെയ്യുന്നത്.എന്നാല്‍ പലപ്പോഴും ഈ യാത്രകള്‍ അപകടം നിറഞ്ഞതാണെന്ന് വിദഗ്ദര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും 'തിരക്കേറിയതും അപകടകരവുമായ' ഒന്നായിട്ടാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഈ കുടിയേറ്റ പാതയെ വിശേഷിപ്പിക്കുന്നത്. ചെങ്കടലിനോ ഏദന്‍ ഉള്‍ക്കടലിനോ കുറുകെ, തിരക്കേറിയതും സുരക്ഷിതമല്ലാത്തതുമായ ബോട്ടുകളിലാണ് കുടിയേറ്റക്കാരെ പലപ്പോഴും കടത്തുന്നത്.2024 ല്‍ 60,000 ത്തിലധികം കുടിയേറ്റക്കാരും അഭയാഥികളും യെമനില്‍ എത്തി, 2023 ല്‍ ഇത് 97,200 ആയിരുന്നുവെന്ന് ഐഒഎം കണക്കുകള്‍ കാണിക്കുന്നു.

Next Story

RELATED STORIES

Share it