Latest News

400 കോടിയുടെ വായ്പാത്തട്ടിപ്പിൽ മലയാളി അറസ്റ്റിൽ

400 കോടിയുടെ വായ്പാത്തട്ടിപ്പിൽ മലയാളി അറസ്റ്റിൽ
X

മുംബൈ: യെസ് ബാങ്കില്‍നിന്ന് 400 കോടി രൂപയുടെ വായ്പയെടുത്ത് വകമാറ്റിയ കേസില്‍ കോക്സ് ആന്‍ഡ് കിങ്സ് ലിമിറ്റഡ് ഉടമ അജയ് പീറ്റര്‍ കേര്‍ക്കറിന്റെ പ്രധാന സഹായി, അജിത് പറമ്പത്ത് മേനോന്‍ (67) കൊച്ചിയില്‍ അറസ്റ്റില്‍. ലണ്ടനില്‍നിന്ന് ദുബായ് വഴി വിമാനത്തില്‍ കൊച്ചിയിലെത്തിയ അജിത്തിനെ മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. നിലവില്‍ ബ്രിട്ടീഷ് പൗരത്വമാണ് അജിത്തിന്റേതെന്ന് പോലിസ് പറഞ്ഞു. അജിത്തിന്റെ പേരില്‍ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിച്ച അജിത് മേനോനെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 15 വരെ ഇയാളെ പോലിസ് കസ്റ്റഡിയില്‍വിട്ടു.

ട്രാവല്‍-ടൂറിസം കമ്പനിയായ കോക്സ് ആന്‍ഡ് കിങ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ കോക്സ് ആന്‍ഡ് കിങ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2018-ലാണ് യെസ് ബാങ്കില്‍നിന്ന് 400 കോടിരൂപ വായ്പ തരപ്പെടുത്തിയത്. ഇതില്‍ വലിയഭാഗം തുകയും കോക്സ് ആന്‍ഡ് കിങ്സ് ലിമിറ്റഡിനു കൈമാറുകയായിരുന്നു. കോക്സ് ആന്‍ഡ് കിങ്സിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് അജിത് പറമ്പത്ത് മേനോനായിരുന്നു. വായ്പത്തുകയില്‍ 56 കോടി രൂപ യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരുകമ്പനിയിലേക്ക് മാറ്റിയതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന്, 2021-ലാണ് മുംബൈ പോലിസ് കമ്പനിയുടെ പേരില്‍ കേസെടുത്തത്.

അജയ് പീറ്റര്‍ കേര്‍ക്കര്‍, ഭാര്യ ഉര്‍ഷില കേര്‍ക്കര്‍, അജിത് മേനോന്‍, യെസ് ബാങ്ക് ചീഫ് വിജിലന്‍സ് ഓഫീസര്‍ ആശിഷ് വിനോദ് ജോഷി എന്നിവരുടെ പേരിലും കേസെടുത്തിരുന്നു. കോക്സ് ആന്‍ഡ് കിങ്സ് കമ്പനിയില്‍ അജിത് പറമ്പത്ത് മേനോന്‍ മാനേജിങ് ഡയറക്ടറായിരുന്നെങ്കിലും ഔദ്യോഗികരേഖകളില്‍ ഇക്കാര്യമില്ലെന്ന് മുംബൈ പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it